
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ടു.
പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ബൈഡൻ ഒപ്പിട്ടു. വീസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും.
ജനാധിപത്യം തിരികെ വന്ന ദിവസമാണിതെന്നും, തീവ്രവാദത്തെയും വംശീയതയെയും, അക്രമത്തെയും കൊവിഡെന്ന മഹാമാരിയെയും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് തോൽപ്പിക്കുമെന്നുമാണ് ജോ ബൈഡൻ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യപ്രസംഗത്തിൽ പറഞ്ഞത്. ഐക്യം അഥവാ എന്ന വാക്കാണ് ഏറ്റവും കൂടുതൽ തവണ ജോ ബൈഡൻ തന്‍റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ വാക്ക്. പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്ത ശേഷം തനിക്ക് ആദ്യമായി രാജ്യത്തോട് ആവശ്യപ്പെടാനുള്ളത് കൊവിഡിൽ ജീവൻ പൊലിഞ്ഞ നാല് ലക്ഷത്തോളം അമേരിക്കൻ പൗരൻമാർക്കായി ഒരു നിമിഷം മൗനമാചരിക്കുക എന്നതാകും എന്നും ബൈഡൻ പറഞ്ഞു. വലിയ പ്രസംഗപാടവമില്ലെങ്കിലും വളരെ ലളിതമായ, പക്ഷേ ആഴമേറിയ വാക്കുകളിൽ ബൈഡൻ തന്‍റെ നയങ്ങളും മുന്നോട്ടുള്ള വഴികളും പറഞ്ഞത് ലോകം മുഴുവൻ കേട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam