
ദില്ലി: ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിന്‍റേതെന്ന് ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സ്. ഫ്രാൻസുകാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. അതേസമയം ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുക.
ഫ്രാന്‍സിന് പിന്നാലെ പട്ടികയിലുള്ളത് ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലുള്ളവർക്കും 194 രാജ്യങ്ങളിൽ വിസയില്ലാതെ എത്താം. ഫിൻലാൻഡ്, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 193 രാജ്യങ്ങളില്‍ ഈ രാജ്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള യുകെ, ലക്സംബർഗ്, അയർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നിവയാണ് തൊട്ടുപിന്നിൽ.
അതേസമയം ഇന്ത്യയുടെ സ്ഥാനം എന്തുകൊണ്ട് പിന്നിലേക്ക് പോയെന്ന് വ്യക്തമല്ല. 2023ൽ ഇന്ത്യക്കാർക്ക് 60 രാജ്യങ്ങളിലേക്കായിരുന്നു വിസരഹിത പ്രവേശനമുള്ളത്. 2024ൽ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. പിന്നെ എന്തുകൊണ്ട് റാങ്ക് താഴ്ന്നുവെന്ന് വ്യക്തമല്ല. പാസ്പോർട്ട് ഇൻഡക്സിൽ പാകിസ്ഥാന്‍റെ സ്ഥാനം 106 ആണ്. ശ്രീലങ്ക 101ആം സ്ഥാനത്തും ബംഗ്ലാദേശ് 102ആം സ്ഥാനത്തും നേപ്പാൾ 103ആം സ്ഥാനത്തുമാണുള്ളത്.
ഏറ്റവും ദുർബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്‍റേതാണ്. അഫ്ഗാനികള്‍ക്ക് 28 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ- ഫ്രീ പ്രവേശനമുള്ളത്. സിറിയ (108), ഇറാഖ് (107), യെമൻ (105), പലസ്തീൻ (103) തുടങ്ങിയ രാജ്യങ്ങളാണ് അഫ്ഗാന് തൊട്ടുമുകളിലുള്ളത്. എന്നാൽ മാലദ്വീപ് 58ആം സ്ഥാനവുമായി റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുൻപിലാണ്.
കഴിഞ്ഞ 19 വർഷത്തെ ഡാറ്റ പരിശോധിച്ചാണ് ഹാൻലി ഇന്‍ഡക്സ് തയ്യാറാക്കിയത്. ഇന്‍റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്‍റെ ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസ്പോർട്ടുകള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam