
ബെയ്ജിംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്രാ സഹായം അഭ്യർഥിച്ച് പലവട്ടം ലങ്കൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നിന്നും സഹായം എത്തുന്നുണ്ടെങ്കിലും ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നാൾക്കുനാൾ അന്താരാഷ്ട്ര കടം പെരുകുന്ന അവസ്ഥയിലാണ് ദ്വീപ് രാഷ്ട്രം കടന്നുപോകുന്നത്. അതിനിടയിലാണ് ചൈനയിൽ നിന്നും ശ്രീലങ്കൻ ജനതക്ക് ആശ്വാസ വാർത്ത എത്തിയത്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മ ഇടപടെലുകൾ നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര കടം തിരിച്ചടക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയും സഹായവും ഉറപ്പാക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ചൈനീസ് വിദേശകാര്യ വക്താവ് മോ നിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ലങ്കൻ ജനത ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സഹായവും നൽകാനായി ഒപ്പമുണ്ടാകുമെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് മോ നിംഗ് വ്യക്തമാക്കിയത്.
22 ദശലക്ഷത്തിലേറെ മനുഷ്യരാണ് ലങ്കൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട് അനുഭവിക്കുന്നതെന്നാണ് കണക്ക്. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമവും അതുപോലെ തന്നെ പണപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം ഈ ജനതയെ വട്ടംകറക്കുകയാണ്. അതിനിടയിലുള്ള ചൈനയുടെ പ്രഖ്യാപനം ലങ്കൻ ജനതക്ക് ആശ്വാസമേകുന്നതാണ്.
അതേസമയം ചൈനയിൽ നിന്നുള്ള മറ്റൊരു വാർത്ത സമ്പൂർണ്ണ സൈനിക നവീകരണത്തിനൊരുങ്ങയാണ് ചൈന എന്നതാണ്. ഏത് യുദ്ധവും ജയിക്കാൻ കഴിയും വിധം സൈന്യത്തെ ശക്തമാക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ് വ്യക്തമാക്കി കഴിഞ്ഞു. ചൈനീസ് പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക യോഗത്തിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് പ്രസിഡന്‍റ് ഷീ ജിൻ പിങ് നിലപാട് വ്യക്തമാക്കിയത്. സാങ്കേതിക, ശാസ്ത്ര പുരോഗതി സൈന്യത്തെ ശക്തമാക്കാൻ പ്രയോജനപ്പെടുത്തണം എന്നും ഷീ ജിൻ പിങ് പറഞ്ഞു. യുദ്ധങ്ങളിൽ വിജയിക്കാൻ ചൈനീസ് സൈന്യത്തിന്റെ തന്ത്രപരമായ കഴിവുകൾ ശക്തമാക്കണം. സായുധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് വേഗത്തിൽ ഉയർത്തണമെന്നും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ് ആഹ്വാനം ചെയ്തു. പ്രതിരോധ ബജറ്റിൽ ഏഴു ശതമാനം വർധനയ്ക്ക് ചൈന കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam