
ദില്ലി: ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് പ്രധാന രാജ്യങ്ങളായ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ പങ്കെടുത്തില്ല. അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉച്ചകോടിയുടെ ഫലത്തെക്കുറിച്ചുള്ള പരിമിതമായ പ്രതീക്ഷകളുമാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ചൈനയുടെ തീരുമാനത്തിന്റെ കാരണമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ സാമ്പത്തിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഷി ജിൻപിങ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ അയച്ചു. ഈ വർഷം അവസാനം പ്രധാന രാഷ്ട്രീയ യോഗത്തിന് ചൈന തയ്യാറെടുക്കുകയാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ഷി ജിൻപിങ് അന്താരാഷ്ട്ര യാത്രയേക്കാൾ ആഭ്യന്തര ആസൂത്രണത്തിനാണ് മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
യുഎസ് സഖ്യകക്ഷികളാൽ ചുറ്റപ്പെടാതിരിക്കാൻ ചൈന ശ്രമിക്കുന്നുവെന്നും എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ യുഎസ് സഖ്യങ്ങളെ ദുർബലപ്പെടുത്തിയതോടെ ചൈനയ്ക്കുമേലുള്ള സമ്മർദ്ദം കുറഞ്ഞിരിക്കാമെന്നും വിദഗ്ധർ പറയുന്നു. അതേസമയം, ലി ക്വിയാങ്ങിനെ അയയ്ക്കുന്നത് വിലകുറച്ച് കാണരുതെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ പ്രൊഫസറായ ബ്രയാൻ വോങ് സിഎൻഎന്നിനോട് പറഞ്ഞു. ഷിയുടെ വിദേശനയ ലോകവീക്ഷണവുമായി പൊരുത്തപ്പെടുന്ന നിരവധി കാര്യങ്ങൾ ബ്രിക്സിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുത്തില്ല.
ബ്രസീൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായതിനാൽ യുക്രെയ്നിലെ യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന ആശങ്കയിലാണ് പുട്ടിൻ വിട്ടുനിൽക്കുന്നത്. ഈ വർഷം ആദ്യം ബ്രിക്‌സിൽ ഔദ്യോഗികമായി ചേർന്നതിനുശേഷം ഇന്തോനേഷ്യയുടെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പങ്കെടുക്കും. ഇറാൻ, യുഎഇ, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ പുതിയ അംഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തേക്കും.
വ്യാപാരത്തിനായി യുഎസ് ഡോളറിന് പകരം ദേശീയ കറൻസികൾ ഉപയോഗിക്കാനുള്ള നീക്കമായ ഡീഡോളറൈസേഷനെക്കുറിച്ചും ബ്രിക്സ്ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ലുല നിർദ്ദേശിച്ച ബ്രിക്സ് കറൻസി എന്ന ആശയം ഗൗരവമായി ചർച്ച ചെയ്യാൻ സാധ്യതയില്ല. അത്തരമൊരു പദ്ധതിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Xi Jinping and Putin not attend BRICS