
തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്. യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു.
ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാര്‍പ്പാപ്പ നേതൃത്വം നൽകി. ഉക്രെയ്നിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും കുറിച്ച് പറഞ്ഞ മാര്‍പ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരപ്പോലും വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്ന് കുറ്റപ്പെടുത്തി.
സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധ കുർബാനയുടെ പ്രാർത്ഥനാ നിമിഷങ്ങളെ വിശ്വാസികൾ വരവേറ്റു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ പത്താമത് ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. നാലായിരത്തിലധികം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. എല്ലാ പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്രിസ്മസ് ആശംസകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam