
ബീജിംഗ്: സ്വയം വ്യാജ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച യുവാവ് ചൈനയിൽ പിടിയിൽ. സ്വന്തം ഫോട്ടോയും കെട്ടിച്ചമച്ച കുറ്റസമ്മതവും സഹിതം പങ്കുവെച്ച യുവാവാണ് പിടിയിലായത്. വാങ് എന്നാണ് പിടിയിലായ യുവാവിന്റെ ലഭ്യമായ പേര് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ മുഴുവൻ പേര് ലഭ്യമായിട്ടില്ല. വാങ് നവംബർ 11-നാണ് വാണ്ടഡ് ഓർഡർ എന്ന പോസ്റ്റ് ഫോട്ടോയും കുറ്റസമ്മതവും ഉൾപ്പെടുത്തി പങ്കുവെച്ചത്.
വാങ് ഒരു കുപ്രസിദ്ധ കുറ്റവാളിയായി നടിക്കുകയും ചൈനയിലെ അറിയപ്പെടുന്ന നടനും നർത്തകനും ഗായകനുമായ വാങ് യിബോ ആണെന്ന് അവകാശപ്പെടുകയും ചെയ്തു. നവംബർ 10-ന് ഒരു കമ്പനിയിൽ നിന്ന് 30 മില്യൺ യുവാൻ (ഏകദേശം 4 മില്യൺ ഡോളർ) തട്ടിയെടുത്തതായി വാങ് തൻ്റെ പോസ്റ്റിൽ ആരോപിച്ചു. 30,000 യുവാൻ വാഗ്ദാനം ചെയ്ത് ഒരു സബ് മെഷീൻ ഗണ്ണും 500 വെടിയുണ്ടകളും കൈവശമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. തന്നെ കണ്ടെത്തുന്നവർക്ക് ഏകദേശം 4,000 ഡോളറാണ് വാങ് പാരിതോഷികം പ്രഖ്യാപിച്ചത്.
വാങിന്റെ പോസ്റ്റ് വളരെ വേഗം വൈറലായി. 24 മണിക്കൂറിനുള്ളിൽ 3,50,000 വ്യൂസും 2,500 ലൈക്കുകളും 1,100-ലധികം ഷെയറുകളും വാങ്ങിൻ്റെ പോസ്റ്റിന് ലഭിച്ചു. സംശയാസ്പദമായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ലോക്കൽ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാറണ്ട് പോസ്റ്റ് ചെയ്ത വാങിനെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ വാങ് അവകാശപ്പെട്ടത് പോലെ തോക്കുകളോ വെടിക്കോപ്പുകളോ കണ്ടെത്തിയിട്ടില്ല. കൂടാതെ, കമ്പനി കൊള്ളയടിച്ചതിനും തെളിവുകളില്ല.
തൻ്റെ ജീവിതത്തിലെ വിരസതയും മോശം മാനസികാവസ്ഥയും കാരണമാണ് വ്യാജ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ചോദ്യം ചെയ്യലിൽ വാങ് സമ്മതിച്ചു. സ്വയം സന്തോഷം കണ്ടെത്താനുള്ള ഒരു മാർഗമായാണ് അറസ്റ്റ് വാറണ്ട് ഇറക്കിയതെന്നും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് വാങ് സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
READ MORE: തായ്ലൻഡിൽ നിന്ന് കടത്തിക്കൊണ്ട് വന്ന അപൂർവയിനം പക്ഷികളെ തിരിച്ചയച്ചു; പ്രതികള്‍ റിമാന്‍ഡില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam