അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെ ഈ മാസം17വരെ റിമാൻ്റ് ചെയ്തു.

കൊച്ചി: തായ്ലൻഡിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിക്കൊണ്ട് വന്ന അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ തിരിച്ചയച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇവയെ തിരിച്ചയച്ചത്. തായ്ലൻഡിലെ അനിമൽ ക്വാറന്‍റൈന്‍ അതോറിറ്റി അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി. 

അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി ഈ മാസം17വരെ റിമാൻ്റ് ചെയ്തു. ഞായറാഴ്ച രാത്രി തായ് എയർവേസിന്‍റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. 25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന പക്ഷികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

വിമാനത്താവളത്തിലെത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് അപൂര്‍വയിനത്തിൽപ്പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം