ചൂണ്ടയില്‍ കുടുങ്ങിയ 23.19 കോടിയുടെ മത്സ്യത്തെ കടലിലേക്ക് തുറന്ന് വിട്ട് യുവാവ്; കാരണം രസകരം

By Web TeamFirst Published Sep 28, 2019, 12:19 PM IST
Highlights

വില്‍പനക്കോ ഭക്ഷണാവശ്യത്തിനോ അല്ല ചൂണ്ടയിട്ട് മീന്‍ പിടിച്ചത്. മൂന്ന് മില്യണ്‍ യൂറോ(23.19കോടി രൂപ) വിലമതിക്കുന്ന മത്സ്യത്തെ വീണ്ടും കടലിലേക്ക് തുറന്ന് വിട്ട് യുവാവ്

അയര്‍ലന്‍ഡ്: ചൂണ്ടയില്‍ കുടുങ്ങിയ എട്ടര അടി നീളമുള്ള ട്യൂണ മത്സ്യത്തെ വീണ്ടും കടലിലേക്ക് തുറന്ന് വിട്ട് യുവാവ്. മൂന്ന് മില്യണ്‍ യൂറോ(23.19കോടി രൂപ) വിലമതിക്കുന്ന മത്സ്യത്തെയാണ് ഡേവ് എഡ്വേര്‍ഡ്സ് എന്ന യുവാവ് വീണ്ടു കടലിലേക്ക് തുറന്നുവിട്ടത്. അയര്‍ലന്‍ഡില്‍ നിന്നും ലഭിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ട്യൂണ മത്സ്യമാണ് ഇതെന്നാണ് വിലയിരുത്തല്‍. ജപ്പാന്‍കാരുടെ പ്രിയ ഭക്ഷണമായ ട്യൂണക്ക് വന്‍വിലയാണ് അന്താരാഷ്ട്രതലത്തിലുള്ളത്. 

എന്നാല്‍ മീനിനെ പിടിച്ച ശേഷം തുറന്നുവിടാന്‍ യുവാവ് പറഞ്ഞ കാരണം സമൂഹമാധ്യമങ്ങളില്‍ ഏറെ കയ്യടി ഇതിനോടകം നേടിയിട്ടുണ്ട്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്ന സംഘത്തിലെ അംഗമാണ് യുവാവ്. വില്‍ക്കാന്‍ വേണ്ടിയോ ഭക്ഷണാവശ്യത്തിനോ വേണ്ടിയല്ല മത്സ്യം പിടിച്ചത്. പിടിച്ച മത്സ്യത്തില്‍ പ്രത്യേകതരം ടാഗ് ഇട്ട ശേഷം അവയെ സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്ന് എഡ്വേര്‍ഡ്സ് പറയുന്നു. 

വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിന്‍റെ ഭാഗമായാണ് എഡ്വേര്‍ഡ്സ് പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ 15 വരെ നടക്കുന്ന ഈ കണക്കെടുക്കല്‍ പദ്ധതിയില്‍ പതിനഞ്ചോളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. 270 കിലോ ഭാരമാണ് മത്സ്യത്തിനുണ്ടായിരുന്നത്. അയര്‍ലന്‍ഡിലെ ഡൊനേഗല്‍ ഉള്‍ക്കടലില്‍ ഇത്തരം വന്‍ ട്യൂണ മത്സ്യങ്ങള്‍ കാണുന്നത് സര്‍വ്വ സാധാരണമാണെന്ന് എഡ്വേര്‍ഡ്സ് പറയുന്നു. 

click me!