പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും റിയാദിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധ കരാറുള്ള ഇരു രാജ്യങ്ങളും നിലവിലെ യുദ്ധസാഹചര്യം ചർച്ച ചെയ്തെന്നും പാകിസ്ഥാൻ സൗദിക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ട്
റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി. യുദ്ധകാലത്തെ സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര കൂടിക്കാഴ്ചയിൽ ഒന്നാണിത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് റിയാദിൽ എത്തിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ കാര്യങ്ങളിൽ പരസ്പരം സഹായിക്കാമെന്ന കരാർ ഒപ്പിട്ടിട്ടുള്ള രണ്ട് രാജ്യങ്ങളാണ് സൌദിയും പാകിസ്ഥാനും. അതാണ് ആ കൂടിക്കാഴ്ചയുടെ പ്രാധാന്യവും. യുദ്ധസാഹചര്യം വിശദമായി ചർച്ച ചെയ്തെന്നും എല്ലാ പിന്തുണയും സൌദിക്ക് പാകിസ്ഥാൻ വാഗ്ദാനം ചെയ്തെന്നും പ്രസ്താവന വന്നിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

