
കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ഉമർ ഫൈസി മുക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. സമസ്തയുടെ മുശാവറ അംഗപദവി സ്വാർത്ഥ താൽപര്യത്തിനും സ്ഥാനം നേടാനുമായി ഉമർ ഫൈസി ദുരുപയോഗം ചെയ്യുകയാണെന്നും, ഉമർ ഫൈസിക്കെതിരെ സമസ്ത നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പൊതുസമൂഹത്തിൽ പണ്ഡിതർക്കുള്ള ആദരവിനും വിശ്വാസ്യതയ്ക്കും കളങ്കമേൽപ്പിക്കുന്ന ഇത്തരക്കാരെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറാകണമെന്നും യൂത്ത് ലീഗ് പ്രസ്താവനയിറക്കി.
സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പോഷക സംഘടന നേതാക്കൾ സമസ്ത നേതൃത്വത്തെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേർന്നു. വരുന്ന മുശാവറയിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേസമയം, തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവർ ഉന്നയിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റായ പ്രചാരണം നടക്കുമ്പോൾ വഖഫ് ബോർഡ് അംഗം എന്ന നിലയിൽ വസ്തുത ബോധ്യപ്പെടുത്തേണ്ടത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്ന് ഉമർ ഫൈസി മുക്കം വ്യക്തമാക്കി.
എന്നാൽ ഉമർ ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്താക്കാൻ ഉള്ള നീക്കത്തിന്റെ പിന്നിലെന്നാണ് ഫൈസി അനുകൂലികളുടെ പ്രതികരണം. വഖഫിൽ ആർഎസ്എസുകാരെ നിയമിക്കാൻ പോലും യുഡിഎഫ് ശ്രമിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ആയിരുന്നു ഉമർ ഫൈസി നടത്തിയത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തക്ക് യോജിച്ചതല്ല എന്നാണ് ഒരു വിഭാഗം സുന്നി നേതാക്കൾ ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam