
ബംഗളൂരു: രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ആർസിബി തുടക്കത്തിൽ വലിയ തിരിച്ചടി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ടീമിനെ ഇന്ന് നയിക്കുന്ന സൂപ്പർ താരം വിരാട് കോലി പുറത്തായി. ട്രെൻഡ് ബോൾട്ട് കോലിയെ എൽബിഡബ്യൂവിൽ കുടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഫാഫ് ഡുപ്ലസിയും ഗ്ലെൻ മാക്സ്‍വെല്ലും ഒന്നിച്ചതോടെ മിന്നുന്ന പ്രകടനം ടീം പുറത്തെടുക്കുകയും ചെയ്തു.
ഇപ്പോൾ നേരിട്ട ആദ്യ പന്തിൽ കോലി പുറത്തായതോടെ ഏപ്രിൽ 23 കോലിയുടെ മോശം ദിവസമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് മൂന്നാം വട്ടമാണ് ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കായി പുറത്താകുന്നത്. ആദ്യം സംഭവിച്ചത് 2017ൽ കെകെആറിന് എതിരെയാണ്. അന്ന് നഥാൻ കോൾട്ടൻനൈലിന് മുന്നിൽ കോലി കീഴടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 23ന് വീണ്ടും അത് പോലെ തന്നെ സംഭവിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മാർക്കോ യാൻസനായിരുന്നു അത്തവണ കിംഗിന്റെ വിക്കറ്റ്.
ഇത്തവണ ട്രെൻഡ് ബോൾട്ടിന് കോലി പുറത്താക്കാനുള്ള അവസരം ലഭിച്ചത്. അതേസമയം, പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശ മറികടക്കാനാണ് സഞ്ജുവും സംഘവും ചിന്നസ്വാമിയിൽ ഇറങ്ങിയിട്ടുള്ളത്. വിജയത്തിന് അടുത്തെത്തിയശേഷമാണ് ലഖ്‌നൗവിനെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടത്.
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബാംഗ്ലൂരിനാണ് നേരിയ മുന്‍ തൂക്കം. 28 കളികളില്‍ 13 എണ്ണത്തില്‍ ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ ജയം രാജസ്ഥാന് സ്വന്തം. മൂന്ന് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. എന്നാല്‍ ചിന്നസ്വാമിയില്‍ നേരിയ മുന്‍തൂക്കമുണ്ട് രാജസ്ഥാന്‍ റോയല്‍സിന്. എട്ട് മത്സരം കളിച്ചതില്‍ നാലിലും ജയം രാജസ്ഥാനായിരുന്നു. ആര്‍സിബിക്ക് രണ്ട് ജയം മാത്രം. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!