
ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഇരട്ട തിരിച്ചടി. നായകന്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുന്ന കാര്യം സംശയത്തിലായിരിക്കെ പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട് പുറത്തായി. തോളിന് പരിക്കേറ്റ ഉനദ്‌കട്ടിന് അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. ഞായറാഴ്‌ച നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഉനദ്‌കട്ടിന് പരിക്കേറ്റത്. ഇതോടെ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ കെ എല്‍ രാഹുലിനൊപ്പം ജയ്‌ദേവ് ഉനദ്‌കട്ടും ലഖ്‌നൗ ടീമിനായി കളിക്കില്ല.
ഇംഗ്ലണ്ടില്‍ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവുമ്പോഴേക്ക് ജയ്‌ദേവ് ഉനദ്‌കട്ട് ഫിറ്റ്‌നസ് വീണ്ടെടുത്തേക്കും എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യ-ഓസീസ് കലാശപ്പോരില്‍ കെ എല്‍ രാഹുല്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ഞായറാഴ്‌ച നെറ്റ്‌സില്‍ ആദ്യ പന്തെറിയാന്‍ റണ്ണപ്പ് എടുക്കുന്നതിനിടെ നെറ്റ്‌സിന്‍റെ കയറില്‍ തട്ടി വീണ ഉനദ്‌കട്ടിന്‍റെ ഇടത്തേ ഷോള്‍ഡറിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ താരം വേദനകൊണ്ട് പുളയുന്നത് വീഡിയോയില്‍ ദൃശ്യമായിരുന്നു. തോളില്‍ ഐസ്‌പാക്ക് വച്ചാണ് മൈതാനത്തിന് പുറത്തേക്ക് ഉനദ്‌കട്ട് പോയത്.
ബിസിസിഐ നിശ്‌ചയിച്ച സ്‌പെഷ്യലിസ്റ്റ് ഡോക്‌ടറെ കാണാന്‍ ജയ്‌ദേവ് ഉനദ്‌കട്ട് മുംബൈയിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ താരത്തെ സ്‌കാനിംഗിനും വിശദ പരിശോധനയ്‌ക്കും വിധേയനാക്കും. ബിസിസിഐ മെഡിക്കല്‍ സംഘവുമായി സംസാരിച്ച ശേഷം ഉനദ്‌കട്ടിനെ ടീം ക്യാംപ് വിടാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് അനുവദിക്കുകയായിരുന്നു. മുംബൈയിലെ പരിശോധനയ്‌ക്ക് ശേഷം താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയേക്കും. ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനാണിത്. അതേസമയം കെ എല്‍ രാഹുലിന്‍റെ പരിക്ക് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Read more: കെ എല്‍ രാഹുലിന്‍റെ പരിക്ക് ഗുരുതരം? ചെന്നൈക്കെതിരെ കളിക്കില്ല, സീസണ്‍ നഷ്‌ടമാകാനിട, പകരം നായകന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!