
കൊല്‍ക്കത്ത: 13.25 കോടി! ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്കിന് ഐപിഎല്‍ താരലേലത്തില്‍ വലിയ തുക ലഭിച്ചപ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്. മുമ്പ് ഐപിഎല്‍ കളിക്കാത്ത ബ്രൂക്ക് ഇന്ത്യന്‍ പിച്ചില്‍ ദുരന്തമാകും എന്ന് പലരും വിധിയെഴുതി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ആദ്യ മത്സരങ്ങളില്‍ 13, 3, 13 എന്നിങ്ങനെയായിരുന്നു ബ്രൂക്കിന്‍റെ സ്കോര്‍ ഇതോടെ പ്രവചനങ്ങള്‍ അച്ചട്ടായി എന്നായി പലരും. പക്ഷേ യഥാര്‍ഥ ഹാരി ബ്രൂക്ക് അഥവാ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ടി20 ശൈലിയില്‍ തകര്‍ത്തടിക്കുന്ന ബ്രൂക്ക്, ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിയുടെ ഇളമുറക്കാരന്‍ ഐപിഎല്ലിലേക്ക് ശരിക്കും വരവറിയിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച് ബ്രൂക്ക് എല്ലാ വിമര്‍ശനങ്ങളും കാറ്റിപ്പറത്തിയിരിക്കുകയാണ്. 12 ഫോറും 3 സിക്‌സും നീണ്ടുനിന്ന ക്ലാസിക് ഇന്നിംഗ്‌സ്. ഐപിഎല്‍ 2023 സീസണിലെ ആദ്യ സെഞ്ചുറിയുടെ അവകാശിയായി മാറിയതോടെ ബ്രൂക്ക് തന്‍റെ മതിപ്പ് വില ചെറുതല്ല എന്ന് കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു. തന്‍റെ വിമര്‍ശകര്‍ക്ക് മൈതാനത്ത് ബാറ്റ് കൊണ്ട് മാത്രമല്ല, മത്സര ശേഷം വാ കൊണ്ടും വായടപ്പിക്കുന്ന മറുപടി നല്‍കാനും ബ്രൂക്ക് മറന്നില്ല. 'ഞാന്‍ മികച്ച പ്രകടനം നടത്തിയതായി ഏറെ ഇന്ത്യന്‍ ആരാധകര്‍ ഈ രാത്രിയില്‍ പറയുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അവരെന്നെ കടന്നാക്രമിക്കുകയായിരുന്നു. അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്നുമായിരുന്നു മത്സര ശേഷം ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍റെ പ്രതികരണം.
മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സെഞ്ചുറി വീരന്‍ ഹാരി ബ്രൂക്കിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 228 റണ്‍സ് എഴുതിച്ചേര്‍ത്തു. ബ്രൂക്ക് 55 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 100 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം(26 പന്തില്‍ 50), അഭിഷേക് ശര്‍മ്മ(17 പന്തില്‍ 32), ഹെന്‍റിച്ച് ക്ലാസന്‍(6 പന്തില്‍ 16) എന്നിവരും മികച്ചുനിന്നു. കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 205 റണ്‍സേ നേടാനായുള്ളൂ. ഇതോടെ സണ്‍റൈസേഴ്‌സ് 23 റണ്ണിന്‍റെ ജയം സ്വന്തമാക്കി. 21 ബോളില്‍ 36 എടുത്ത എന്‍ ജഗദീശന്‍റെയും 41 പന്തില്‍ 75 അടിച്ചുകൂട്ടിയ നിതീഷ് റാണയുടെയും 31 പന്തില്‍ 58* റണ്‍സുമായി പുറത്താവാതെ നിന്ന റിങ്കു സിംഗിന്‍റേയും പോരാട്ടം പാഴായി.
Read more: ടീം ജയിച്ചില്ലായിരിക്കാം; എന്നാല്‍ വീണ്ടും ആരാധക ഹൃദയം കീഴടക്കി റിങ്കു ഷോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!