മറുപടി ബാറ്റിംഗില്‍ 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കനത്ത തോല്‍വി മണത്തതാണ്

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അവസാന ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയപ്പോള്‍ താരം റിങ്കു സിംഗായിരുന്നു. യാഷ് ദയാല്‍ എറിഞ്ഞ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സും അവസാന അഞ്ച് പന്തില്‍ 28 റണ്‍സും വേണ്ടപ്പോള്‍ തുടര്‍ച്ചയായി 5 സിക്‌സുകളുമായി കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു റിങ്കു സിംഗ്. അതിനാല്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലും ആരാധക ശ്രദ്ധ മുഴുവന്‍ ഈ ഇരുപത്തിയഞ്ചുകാരനിലായിരുന്നു. 

മനോഹരമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സെഞ്ചുറി വീരന്‍ ഹാരി ബ്രൂക്കിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് നേടിയത് 228 റണ്‍സ്. ബ്രൂക്ക് 55 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 100* റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം(26 പന്തില്‍ 50), അഭിഷേക് ശര്‍മ്മ(17 പന്തില്‍ 32), ഹെന്‍‌റിച്ച് ക്ലാസന്‍(6 പന്തില്‍ 16) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒന്നും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കനത്ത തോല്‍വി മണത്തതാണ്. എന്നാല്‍ ക്യാപ്റ്റന്‍ നിതീഷ് റാണ 41 ബോളില്‍ അഞ്ച് സിക്‌സും ആറ് ഫോറുമായി 75 റണ്‍സ് എടുത്തതോടെ കൊല്‍ക്കത്ത ആത്മവിശ്വാസം വീണ്ടെടുത്തു. വമ്പനടിക്കാരന്‍ വെങ്കടേഷ് അയ്യരും പരിക്കേറ്റ ആന്ദ്രേ റസലും ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും പരാജയമായപ്പോള്‍ സമ്മര്‍ദമത്രയും റിങ്കു സിംഗിന്‍റെ ചുമലിലായി. എന്നാല്‍ ഐപിഎല്ലിനെ ആദ്യ അര്‍ധ സെഞ്ചുറി നേടി റിങ്കു അതിനെ അതിജീവിച്ചു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഉമ്രാന്‍ മാലിക്കിന്‍റെ അവസാന ഓവറില്‍ 29 റണ്‍സ് വേണ്ടപ്പോള്‍ ഒരിക്കല്‍ കൂടി റിങ്കു ഷോ ആരാധകര്‍ പ്രതീക്ഷിച്ചു. ആദ്യ പന്തില്‍ ഠാക്കൂര്‍ പുറത്തായതോടെ ഈ കെകെആറിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. അഞ്ചാം പന്തില്‍ ഒരു തകര്‍പ്പന്‍ സിക്‌സര്‍ മാത്രമായി ഈ ഓവറില്‍ റിങ്കുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ 205-7 എന്ന സ്കോറില്‍ അവസാനിച്ചതോടെ സണ്‍റൈസേഴ്‌സ് 23 റണ്‍സിന് വിജയിച്ചു. എങ്കിലും 31 പന്തില്‍ നാല് വീതം ഫോറും സിക്‌സുമായി പുറത്താവാതെ 58* റണ്‍സ് നേടിയ റിങ്കു സിംഗ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. 

Read more: ഗ്യാസ് സിലിണ്ടറും ചുമന്ന് വീടുകള്‍ തോറും കയറിയിറങ്ങിയിട്ടുണ്ട്, കഷ്ടപ്പാടിന്‍റെ നാളുകളെക്കുറിച്ച് റിങ്കു സിംഗ്