
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൗണ്ടിന് പുറത്തെ മറ്റൊരു ഏറ്റുമുട്ടലിനെക്കുറിച്ചായിരുന്നു ആരാധകര്‍ ഇന്നലെ ചിന്തിച്ചത്. വിരാട് കോലിയും ബിസിസിഐ മുന്‍ പ്രസിഡന്‍റും ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറുമായ സൗരവ് ഗാംഗുലിയും തമ്മില്‍ എങ്ങനെയായിരിക്കും ഇടപെടുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ഇതിന് മുമ്പ് ഇരുടീമും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗാംഗുലിയും കോലിയും പരസ്പരം ഹസ്തദാനത്തിന് പോലും തയാറാവാതിരുന്നതും കോലിക്ക് മുന്നിലൂടെ നടന്നു നീങ്ങുമ്പോള്‍ പരസ്പരം മുഖത്തോട് മുഖം നോക്കുക പോലും ചെയ്യാതിരുന്നതും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ആര്‍സിബിയെ തറപറ്റിച്ചശേഷം കളിക്കാര്‍ തമ്മില്‍ പരസ്പരം ഹസ്തദാനം നല്‍കുന്നതിനിടെ കോലിക്ക് അടുത്തെത്തിയ ഗാംഗുലി കൈകൊടുത്തു. ഇരുവരും ചെറിയ വാക്കുകളില്‍ ആശംസയറിയിച്ച് നടന്നു നീങ്ങി. കോലിയുടെ ചുമലില്‍ പിടിച്ചാണ് ഗാംഗുലി കൈകൊടുത്തത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹി 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍187 റണ്‍സെടുത്തു.
ബിസിസിഐ പ്രസിഡന്‍റായിരിക്കേ ഗാംഗുലിയും അന്ന് ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ശീതസമരത്തിന്‍റെ ബാക്കിയാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയിറങ്ങിയ വിരാട് കോലിയെ 2021 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഏകദിന നായകസ്ഥാനം രോഹിത് ശര്‍മ്മയ്‌ക്ക് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി അന്ന് അവകാശപ്പെട്ടിരുന്നു.
കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ ഈ അവകാശവാദം ശരിവെച്ചിരുന്നു അന്നത്തെ മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ. എന്നാല്‍ ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതോടെ സൂപ്പര്‍ താരവും ബിസിസിഐയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യൂഹങ്ങള്‍ പടര്‍ന്നു. ക്യാപ്റ്റന്‍സി വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ 2022 ജനുവരിയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സി വിരാട് കോലി ഒഴിയുകയും ചെയ്‌തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!