അയാളുടെ ഷോട്ടുകള്‍ പേടിപ്പെടുത്തുന്നായിരുന്നു; മുംബൈ ഇന്ത്യന്‍സ് താരത്തെ കുറിച്ച് ബ്രാഡ് ഹോഗ്‌

By Web TeamFirst Published Sep 18, 2020, 3:53 PM IST
Highlights

വിന്‍ഡീസ് ടി20 ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ നിരയിലുണ്ട്. നാല് കിരീട നേട്ടത്തിലും അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ട്.

ദുബായ്: പവര്‍ ഹിറ്റര്‍മാരാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍. മിക്കവാറും ടി20 ടീമുകള്‍ ഒരു വെസ്റ്റ് ഇന്‍ഡീസ് താരത്തെയെങ്കിലും ടീമിലുള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. വിന്‍ഡീസ് ടി20 ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ നിരയിലുണ്ട്. നാല് കിരീട നേട്ടത്തിലും അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ട്. ഇപ്പോള്‍ പൊള്ളാര്‍ഡിന്റെ ഒരു ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്‌.

2012ലെ സംഭവമാണ് ഹോഗ് വിവരിക്കുന്നത്. അന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ഹോഗ്. പൊള്ളാര്‍ഡിന്റെ ഷോട്ടുകളെ ഭയന്നിരുന്നുവെന്നാണ് ഹോഗ് വെളിപ്പെുടുത്തിയത്. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''2012ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുമ്പോഴാണ് സംഭവം. അമ്പാട്ടി റായുഡുവും പൊള്ളാര്‍ഡും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പൊള്ളാര്‍ഡിനെതിരെ പന്തെറിയേണ്ട സമയം വന്നു. വിന്‍ഡീസ് താരത്തിന്റെ പവര്‍ ഷോട്ടുകളെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. 

ഞാനെറിഞ്ഞ പന്തില്‍ പൊള്ളാര്‍ഡ് ഒരു പവര്‍ഷോട്ട് പായിച്ചു. എന്നാല്‍ പന്ത് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന റായുഡുവിന്റെ ദേഹത്തേക്കാണ് പോയത്. എന്നാല്‍ ആ ഷോട്ടിന്റെ ശക്തി അമ്പരപ്പിക്കുന്നതായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം തോന്നുന്നു.'' ഹോഗ് പറഞ്ഞു.

പൊള്ളാര്‍ഡ് ടീമിന് വേണ്ടി മുഴുവന്‍ ആത്മാര്‍ത്ഥയും കാണിക്കുന്ന താരമാണെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു. ''വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിനാണ് പൊള്ളാര്‍ഡ് പ്രാധാന്യം നല്‍കുന്നത്.'' ഗ്രൗണ്ടില്‍ മികച്ച മെയ്‌വഴക്കം കാണിക്കുന്ന പൊള്ളാര്‍ഡ് തകര്‍പ്പന്‍ ഫീല്‍ഡറാണെന്നും ഹോഗ് പറഞ്ഞു.

click me!