ഇന്ത്യന്‍ ക്രിക്കറ്റിലെ 'രാജകുമാരനായി' സ്ഥാനമേറ്റ് ശുഭ്മാന്‍ ഗില്‍, തോറ്റ് മടങ്ങി വീണ്ടും കിംഗ് കോലി

By Gopala krishnanFirst Published May 22, 2023, 10:12 AM IST
Highlights

സിക്സറടിച്ച് ഗില്‍ തന്‍റെ ഐപിഎല്‍ കരിയറിലെയും ഈ സീസണിലെയും രണ്ടാം സെഞ്ചുറിയും ഗുജറാത്തിന്‍റെ വിജയവും പൂര്‍ത്തിയാക്കുമ്പോള്‍ കമന്‍ററി ബോക്സില്‍ ഇയാന്‍ ബിഷപ്പ് ഉറക്കെ വിളിച്ചു പറഞ്ഞത് ഇതാ പ്രിന്‍സ് ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ് എന്നായിരുന്നു.

ബെംഗലൂരു: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട് ഏറ്റവും സുന്ദരമായ കാഴ്ചക്കായിരുന്നു ഇന്നലെ ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരാവാന്‍ വെറുമൊരു ജയം മാത്രം മതിയായിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യം കാലാവസ്ഥ ചതിക്കുമെന്ന് കരുതിയെങ്കിലും മാനം തെളിഞ്ഞപ്പോള്‍ അവരുടെ മനസു നിറച്ചത് കിംഗ് കോലിയുടെ സെഞ്ചുറിയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആര്‍സിബിയെ ഒറ്റക്ക് ചുമലിലേറ്റിയ കോലി ബാംഗ്ലൂരിനെ പ്ലേ ഓഫ് കടമ്പ കടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.

സഹതാരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെങ്കിലും ആര്‍സിബി അടിച്ചെടുത്ത 197 റണ്‍സ് ചിന്നസ്വാമിയില്‍ ജയിക്കാവുന്ന സ്കോര്‍ തന്നെയായിരുന്നു. പ്രത്യേകിച്ച് മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കണക്കിലെടുക്കുമ്പോള്‍. എന്നാല്‍ കിംഗ് കോലിയെയും നിഷ്പ്രഭമാക്കാന്‍ പോകുന്നൊരാള്‍ ഇറങ്ങുന്നതുവരെയെ ആ പ്രതീക്ഷക്ക് ആയുസുണ്ടായുള്ളു. 61 പന്തില്‍ 101 റണ്‍സടിച്ച കോലിയെ 52 പന്തില്‍ 104 റണ്‍സടിച്ച് നിഷ്പ്രഭമാക്കാന്‍ പോന്ന ആ താരം ശുഭ്മാന്‍ ഗില്ലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി തന്‍റെ കൈകളില്‍ സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടാണ് ഗില്‍ ചിന്നസ്വാമിയിലെ പെരിയസ്വാമിയ ആയത്.

Shubman Gill is simply Magnificent . He Has the charm and Class of great . pic.twitter.com/OCpAQJDsZU

— Devender Kumar (@asdevender_bbc)

സിക്സറടിച്ച് ഗില്‍ തന്‍റെ ഐപിഎല്‍ കരിയറിലെയും ഈ സീസണിലെയും രണ്ടാം സെഞ്ചുറിയും ഗുജറാത്തിന്‍റെ വിജയവും പൂര്‍ത്തിയാക്കുമ്പോള്‍ കമന്‍ററി ബോക്സില്‍ ഇയാന്‍ ബിഷപ്പ് ഉറക്കെ വിളിച്ചു പറഞ്ഞത് ഇതാ പ്രിന്‍സ് ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ് എന്നായിരുന്നു. എന്തൊരു രാജകീയ രാവായിരുന്നു ഇത്, കിംഗില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി, ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരനില്‍ നിന്ന് അടുത്ത സെഞ്ചുറി എന്ന് ബിഷപ്പ് അലറിവിളിച്ചപ്പോള്‍ അത് ഇന്ത്യന്‍ ആരാധകരുടെ കൂടെ ശബ്ദമായിരുന്നു.

ആ റെക്കോര്‍ഡ് എനിക്ക് വേണം, ഞാന്‍ അതിങ്ങു എടുക്കുവാ; നാണക്കേടിന്‍റെ റെക്കോര്‍ഡ് തലയിലാക്കി വീണ്ടും കാര്‍ത്തിക്

അതേ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ രാജകുമാരനായി ശുഭ്മാന്‍ ഗില്‍ സ്ഥാനമേറ്റെടുത്ത രാവില്‍ തന്നെ കിരീടമില്ലാത്ത രാജാവായി ഒരിക്കല്‍ കൂടി വിരാട് കോലി മടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സാക്ഷാല്‍ വിരാട് കോലിയുടെ പിന്‍ഗാമിയാരാണെന്നത് ഇനിയൊരു ചോദ്യമേയല്ല. ഈ ഐപിഎല്ലില്‍ കളിച്ച ഓരോ ഇന്നിംഗ്സുകളിലൂടെയും ഗില്‍ അതിന് വീണ്ടും വീണ്ടും അടിവരയിട്ടു കഴിഞ്ഞു. ഒടുവില്‍ തന്‍റെ ആരാധ്യപുരുഷനെ തന്നെ സാക്ഷി നിര്‍ത്തി ഗില്ലിന്‍റെ സ്ഥാനാരോഹണം.  ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ജിതേഷ് ശര്‍മയും എല്ലാം അടങ്ങുന്നൊരു ടീമാകും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഇറങ്ങുക എന്ന് ഇപ്പോഴെ കുറിച്ചുവെക്കാം.

click me!