വാട്ടര്‍ബോയ് ആകുന്നതില്‍ വിഷമമില്ല; ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി ഇമ്രാന്‍ താഹിര്‍

By Web TeamFirst Published Oct 15, 2020, 12:59 PM IST
Highlights

താഹിറിനെ വാട്ടര്‍ബോയ് ആക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്രത്തോളം സീനിയറായ താരത്തോട് ഇങ്ങനെ ചെയ്യരുതെന്നായിരുന്നു ആരാധകപക്ഷം.
 

ദുബായ്: കഴിഞ്ഞ തവണ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍. ഇത്തവണ ടീമിലുണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായിട്ടില്ല. എന്നാല്‍ 12-ാമനായി പലപ്പോഴും താഹിറിനെ കണ്ടിട്ടുണ്ട്. സഹതാരങ്ങള്‍ക്ക് വെള്ളവുമായെത്തുന്ന താഹിര്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വേദനയാണ്.

ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ഏല്‍പ്പിച്ച പുതിയ റോളിനെ കുറിച്ച് സംസാരിക്കുകയാണ് സിഎസ്‌കെയുടെ വെറ്ററന്‍ താരം. ട്വിറ്ററിലാണ് താഹിര്‍ പോസ്റ്റിട്ടത്... ''ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി താരങ്ങള്‍ എനിക്കുവേണ്ടി വെള്ളം കൊണ്ടുവന്ന് തന്നിട്ടുണ്ട്. ഇപ്പോള്‍ അര്‍ഹതപ്പെട്ട താരങ്ങള്‍ മൈതാനത്ത് കളിക്കുമ്പോള്‍ അവര്‍ക്ക് തിരിച്ച് ഉപകാരം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നല്ല എന്റെ ടീം ജയിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. എനിക്കൊരു അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് ടീമാണ് പ്രധാനം.'' ഇതായിരുന്നു താഹിറിന്റെ പോസ്റ്റ്. 

When I used to play many players carried drinks for me now when deserved players are in the field it’s my duty do return favors.Its not about me playing or not it’s about my team winning.If I get a chance I will do my best but for me team is important

— Imran Tahir (@ImranTahirSA)

താഹിറിനെ വാട്ടര്‍ബോയ് ആക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്രത്തോളം സീനിയറായ താരത്തോട് ഇങ്ങനെ ചെയ്യരുതെന്നായിരുന്നു ആരാധകപക്ഷം. ട്വീറ്റ് വന്നതോടെ താഹിറിന് കയ്യടിച്ച് ഒരുപാട് പേരെത്തി. ഐപിഎല്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫറിലൂടെ താരത്തെ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഉറപ്പ് നല്‍കിയിരുന്നു. ശരിയായ സമയത്ത് തന്നെ താഹിര്‍ ടീമിലെത്തുമെന്നായിരുന്നു ക്യാപറ്റന്‍ ധോണി പറഞ്ഞത്. 

സിഎസ്‌കെയിലെ വിദേശ താരങ്ങളുടെ ധാരാളിത്തമാണ്. ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കാന്‍ കഴിയില്ല. സാം കറനും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എങ്കിലും താഹിറിന് അവസരം തെളിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

 

click me!