ജഡേജയെ വെല്ലുന്നൊരു ത്രോ; പുറത്തായത് സഞ്ജു! നിര്‍ഭാഗ്യം അല്ലാതെന്ത്- വീഡിയോ

By Web TeamFirst Published Oct 31, 2020, 10:29 AM IST
Highlights

സഞ്ജുവിന്‍റെ നാടകീയ പുറത്താകല്‍ ഒരു തകര്‍പ്പന്‍ ത്രോയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്

അബുദാബി: ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ കൂടി സെന്‍സിബിള്‍ ഇന്നിംഗ്‌സ് കളിച്ചു മലയാളി താരം സഞ്ജു സാംസണ്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി 25 പന്തില്‍ 48 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്‍റെ നാടകീയ പുറത്താകല്‍ ഒരു തകര്‍പ്പന്‍ ത്രോയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

26 പന്തില്‍ 50 റണ്‍സുമായി സ്റ്റോക്‌സ് പുറത്തായതോടെ ആറാം ഓവറിലാണ് സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. 15-ാം ഓവറില്‍ ബിഷ്‌ണോയിയുടെ രണ്ടാം പന്തിലായിരുന്നു സ‍ഞ്ജുവിന്‍റെ പുറത്താകല്‍. സ്‌മിത്തും സഞ്ജുവും അനാവശ്യ റണ്ണിനായി ഓടിയപ്പോള്‍ നേരിട്ടുള്ള ത്രോയുമായി സുചിത്ത് അമ്പരപ്പിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയെ ഓര്‍മ്മിപ്പിക്കുന്ന സുചിത്തിന്‍റെ ഇടംകൈയന്‍ ത്രോ സഞ്ജുവിന്‍റെ ബെയ്‌ല്‍സ് തെറിപ്പിച്ചു. ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും സഞ്ജു ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത്. നാല് ഫോറും മൂന്ന് സിക്‌സറുകളും സഹിതമായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ്. 

മത്സരം ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ ജയിച്ചു. പഞ്ചാബ് മുന്നോട്ടുവച്ച 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രാജസ്ഥാന്‍ സ്വന്തമാക്കി. ബെന്‍ സ്റ്റോക്‌സ്(26 പന്തില്‍ 50), സഞ്ജു സാംസണ്‍(25 പന്തില്‍ 48), റോബിന്‍ ഉത്തപ്പ(23 പന്തില്‍ 30), സ്റ്റീവ് സ്‌മിത്ത്(20 പന്തില്‍ 31*), ജോസ് ബട്ട്‌ലര്‍(11 പന്തില്‍ 22*) എന്നിവരുടെ ഇന്നിംഗ്‌സാണ് ജയമൊരുക്കിയത്. 63 പന്തില്‍ 99 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്‍റെ മികവിലാണ് പഞ്ചാബ് നേരത്തെ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുത്തത്. 

വമ്പന്‍ ക്യാച്ചുകളുടെ വലിയ സ്റ്റോക് തന്നെയുണ്ട് സ്റ്റോക്‌സിന്‍റെ കൈയില്‍; വീണ്ടും വണ്ടര്‍ ക്യാച്ച്- വീഡിയോ

Powered by

click me!