'തല' കൊടിപാറിക്കുമോ? തിരിച്ചുവരവില്‍ ധോണിയെ കാത്ത് രണ്ട് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

By Web TeamFirst Published Sep 19, 2020, 6:16 PM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നില്‍നിന്ന് നയിക്കാന്‍ ധോണി ഇറങ്ങുമ്പോള്‍ വിക്കറ്റിന് പിന്നില്‍ രണ്ട് നാഴികക്കല്ലുകള്‍ പിറക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്

അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണിന് ഇന്ന് തുടക്കമാവുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ മടങ്ങിവരവിനാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് ധോണി ക്രീസിലെക്കെത്തുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നില്‍നിന്ന് നയിക്കാന്‍ ധോണി ഇറങ്ങുമ്പോള്‍ വിക്കറ്റിന് പിന്നില്‍ രണ്ട് നാഴികക്കല്ലുകള്‍ പിറക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. 

ധോണിക്ക് മുന്നില്‍ വിക്കറ്റിന് പിന്നിലെ രണ്ട് നേട്ടങ്ങള്‍

ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം എം എസ് ധോണിയാണ്. ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇത് റെക്കോര്‍ഡാണ്. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡ് ബുക്കിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്താന്‍ ധോണിക്കുള്ള സുവര്‍ണാവസരമാണ് ഈ സീസണ്‍. പറക്കും ക്യാച്ചുകളും മിന്നും സ്റ്റംപിംഗുകളുമായി അരങ്ങുതകര്‍ക്കുന്ന തല സ്റ്റൈലിന് 17 പേരെ പുറത്താക്കുക വലിയ കടമ്പയല്ല എന്നാണ് ആരാധകര്‍ കരുതുന്നത്. 

മറ്റൊരു ചരിത്ര നേട്ടം കൂടി ധോണിക്ക് മുന്നില്‍ ലക്ഷ്യമായുണ്ട്. തന്‍റെ പിന്‍ഗാമി എന്ന് ഏറെപ്പേര്‍ പാടിപ്പുകഴ്‌ത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെയാണ് ഇക്കാര്യത്തില്‍ ധോണിക്ക് പിന്നിലാക്കാനുള്ളത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം നിലവില്‍ റിഷഭ് പന്തിന്‍റെ പേരിലാണ്. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ 24 പേരെ പുറത്താക്കിയാണ് പന്ത് ഞെട്ടിച്ചത്. ഇക്കുറി ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ നീണ്ട ഇടവേള കഴിഞ്ഞെത്തുന്ന ധോണിയുടെ ഫോമും ഫിറ്റ്‌നസും നിര്‍ണായക ഘടകമാകും. 

ഐപിഎല്‍ വെടിക്കെട്ടിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം; മുംബൈ-ചെന്നൈ പോരിലെ സാധ്യത ടീം

click me!