
അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 51 റണ്‍സെടുത്ത പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. നാലു വിക്കറ്റെ നഷ്ടമായുള്ളുവെങ്കിലും ഹൈദരാബാദിന് 20 ഓവറില്‍ 142 റണ്‍സെ സ്കോര്‍ ചെയ്യാനായുള്ളു.
കഴിഞ്ഞ മത്സരത്തിലെ പിഴവ് തിരുത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയത് സുനില്‍ നരെയ്നായിരുന്നു. നരെയ്നൊപ്പം ന്യൂ ബോള്‍ പങ്കിട്ട ഐപിഎല്ലിലെ വിലകൂടിയ ബൗളറായ പാറ്റ് കമിന്‍സ് മികച്ച പ്രകടനം പുറത്തെടുത്തതോടെ ഹൈദരാബാദിന് അടിച്ചുതകര്‍ക്കാനായില്ല. ഹൈദരാബാദ് നാലാം ഓവറില്‍ സ്കോര്‍ 24ല്‍ എത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജോണി ബെയര്‍സ്റ്റോയെ(5) മടക്കി കമിന്‍സ് ആദ്യ പ്രഹരമേല്‍പ്പിച്ചു.
മനീഷ് പാണ്ഡെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് റണ്‍നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത ബൗളര്‍മാരുടെ കൃത്യതക്ക് മുന്നില്‍ കാര്യമായി സ്കോര്‍ ചെയ്യാനായില്ല. പത്താം ഓവറില്‍ ഡേവിഡ‍് വാര്‍ണറെ27 പന്തില്‍ 38) മടക്കി വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിന് വീണ്ടും കടിഞ്ഞാണിട്ടു. നാലാം നമ്പറിലെത്തിയ വൃദ്ധിമാന്‍ സാഹക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ മനീഷ് പാണ്ഡെ ഹൈദരാബാദ് സ്കോര്‍ മുന്നോട്ട് നീക്കി. എന്നാല്‍ പതിനെട്ടാം ഓവറില്‍ ആന്ദ്രെ റസലിന്‍റെ ഫുള്‍ട്ടോസില്‍ പാണ്ഡെ മടങ്ങിയത് 150 കടക്കാമെന്ന ഹൈദരാബാദ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ വൃദ്ധിമാന്‍ സാഹ(31 പന്തില്‍ 30) റണ്ണൗട്ടായതോടെ ഹൈദരാബാദ് റണ്‍സിലൊതുങ്ങി.
കൊല്‍ക്കത്തക്കായി പാറ്റ് കമിന്‍സ് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന ഇരു ടീമും നിര്‍ണായക മാറ്റങ്ങളോടെയാണ് ഇന്നിറങ്ങിയത്. സണ്‍റൈസേഴ്സ് ടീമില്‍ വിജയ് ശങ്കര്‍ക്ക് പകരം വൃദ്ധിമാന്‍ സാഹയും മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നബിയും സന്ദീപ് ശര്‍മക്ക് പകരം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദും അന്തിമ ഇലവനിലെത്തി.
കൊല്‍ക്കത്തക്കായി ആദ്യ മത്സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് പകരം. അണ്ടര്‍ 19 ലോകകപ്പിലെ താരമായ കമലേഷ് നാഗര്‍ഗോട്ടി നിഖില്‍ നായ്‌ക്കിന് പകരം വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!