'ധോണി സിഎസ്‌കെയില്‍ 2022ലും കളിക്കും'; എന്നാല്‍ ഒരു അത്ഭുതം കാട്ടണമെന്ന് സ്റ്റെയ്‌ന്‍

By Web TeamFirst Published Oct 4, 2021, 6:12 PM IST
Highlights

ധോണി അടുത്ത സീസണിലും സിഎസ്‌കെ കുപ്പായത്തില്‍ കളിക്കും എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുടെ ഭാവിയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് സീസണുകളായുണ്ട്. ഐപിഎല്‍ ഒഴികെയുള്ള സജീവ ക്രിക്കറ്റില്‍ നിന്ന് ധോണി കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. എങ്കിലും ധോണി അടുത്ത സീസണിലും സിഎസ്‌കെ കുപ്പായത്തില്‍ കളിക്കും എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. എന്നാല്‍ അതിന് ധോണി ഒരു അത്ഭുതം കാട്ടണമെന്നും സ്റ്റെയ്‌ന്‍ പറഞ്ഞു. 

'ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ബോസ് എം എസ് ധോണിയാണ്. ചെന്നൈയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ ധോണിയെ മനസില്‍ കാണും. കുറച്ച് മത്സരങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ചെന്നൈ നിലവില്‍ പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞു. എന്നാല്‍ ധോണി കാര്യമായൊന്നും ചെയ്യുന്നത് നമ്മള്‍ കണ്ടില്ല. ഫൈനലില്‍ വിന്നിംഗ് റണ്‍ നേടാനായാല്‍ ചെന്നൈക്കായി അടുത്ത സീസണിലും ധോണി ഗ്ലൗസ് അണിയും എന്നുറപ്പിക്കാം' എന്നും സ്റ്റെയ്‌ന്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

അടുത്ത സീസണിന് മുമ്പ് വമ്പന്‍ താരലേലം നടക്കാനുള്ളതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടീം ഘടനയെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. മറ്റ് മത്സര ക്രിക്കറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണിയുടെ ഫോമും ചോദ്യചിഹ്നമാണ്. ഇക്കുറി 12 മത്സരങ്ങളില്‍ 66 റണ്‍സേ ധോണിക്കുള്ളൂ. എന്നാല്‍ നായകനായി ഈ സീസണിലും ശോഭിക്കുന്ന പ്രകടനമാണ് ധോണി കാഴ്‌ചവെക്കുന്നത്. സീസണില്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള ചെന്നൈയാണ് പ്ലേ ഓഫിന് യോഗ്യത നേടിയ ആദ്യ ടീം. 

ധോണി 2022ലും സിഎസ്‌കെ കുപ്പായത്തില്‍ കളിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു. ഐപിഎല്ലില്‍ ചെന്നൈക്കായി മൂന്ന് കിരീടങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി എന്നോര്‍മ്മിച്ചായിരുന്നു അദേഹത്തിന്‍റെ വാക്കുകള്‍. 

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും. ദുബായില്‍ വൈകിട്ട് 7.30നാണ് പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്. 18 പോയിന്‍റ് വീതമെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയെ പിന്തള്ളി തലപ്പത്ത് നില്‍ക്കുകയാണ് സിഎസ്‌കെ. 

വജ്രായുധത്തെ തിരിച്ചുവിളിക്കുമോ ധോണി? ഡല്‍ഹിക്കെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍

click me!