നടരാജന് കൊവിഡ് പിടിപെട്ടിട്ടും ഐപിഎല്‍; ബിസിസിഐക്ക് എതിരെ ഒളിയമ്പുമായി മൈക്കല്‍ വോണ്‍

By Web TeamFirst Published Sep 23, 2021, 11:14 AM IST
Highlights

രവി ശാസ്‌ത്രി ഉള്‍പ്പടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ ടെസ്റ്റില്‍ കളിക്കുന്നതില്‍ നിന്ന് ടീം ഇന്ത്യ പിന്‍മാറിയിരുന്നു

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പേസര്‍ ടി നടരാജന്‍ കൊവിഡ് ബാധിതനായിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad), ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരവുമായി മുന്നോട്ടുപോയ ബിസിസിഐക്ക് എതിരെ ഒളിയമ്പുമായി ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍(Michael Vaughan). ഐപിഎല്‍ മാറ്റിവയ്‌ക്കില്ല എന്ന് തനിക്കുറപ്പാണ് എന്നായിരുന്നു മത്സരത്തിന് മുമ്പ് വോണിന്‍റെ പ്രതികരണം. നേരത്തെ, രവി ശാസ്‌ത്രി ഉള്‍പ്പടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ ടെസ്റ്റില്‍ കളിക്കുന്നതില്‍ നിന്ന് ടീം ഇന്ത്യ പിന്‍മാറിയിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് വോണ്‍. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചത്. നടരാജനെയും താരവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിജയ് ശങ്കര്‍ (ഓള്‍റൗണ്ടര്‍), വിജയ് കുമാര്‍ (ടീം മാനേജര്‍), അഞ്ജന വണ്ണന്‍ (ഡോക്‌ടര്‍), തുഷാര്‍ ഖേദ്കര്‍ (ലോജിസ്റ്റിക് മാനേജര്‍), പെരിയസാമി ഗണേഷന്‍ (നെറ്റ് ബൗളര്‍), ശ്യാം സുന്ദര്‍ (ഫിസിയോതെറാപ്പിസ്റ്റ്) എന്നിവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. 
    
'അവസാന ടെസ്റ്റ് പോലെ ഐപിഎല്‍ ഉപേക്ഷിക്കുമോ എന്ന് നമുക്ക് നോക്കാം. റദ്ദാക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു' എന്നുമാണ് ബിസിസിഐയെ വിമര്‍ശിച്ച് മൈക്കല്‍ വോണിന്‍റെ ട്വീറ്റ്. എന്നാല്‍ ഐപിഎല്‍ മത്സരം നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. 

Let’s see if the IPL gets cancelled like the last Test !!!!! I guarantee it won’t be … https://t.co/HV7V70i69x

— Michael Vaughan (@MichaelVaughan)

വീണ്ടും വില്യംസണിന്‍റെ ഫീല്‍ഡിംഗ് മാസ്റ്റര്‍ ക്ലാസ്; കണ്ണുതള്ളി പൃഥ്വി ഷാ- വീഡിയോ

മാഞ്ചസ്റ്ററിലും ഇന്ത്യക്കെതിരെ വോണ്‍ 

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറാന്‍ കാരണം ഐപിഎല്‍ ആണെന്ന് മൈക്കല്‍ വോണ്‍ മുമ്പ് വിമര്‍ശിച്ചിരുന്നു. 'ഐപിഎല്ലിന് മുമ്പ് കൊവിഡ് പിടിപെടുമോ എന്ന ഭീതിയിലായിരുന്നു ഇന്ത്യന്‍ കളിക്കാര്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐപിഎല്ലും മാത്രമാണ് അവരുടെ പിന്‍മാറ്റത്തിന് പിന്നില്‍. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഊര്‍ജ്ജസ്വലരായി ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ കളിക്കുന്ന ഇന്ത്യന്‍ കളിക്കാരെ കാണാം. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ പിസിആര്‍ പരിശോധനയെ അവര്‍ വിശ്വസിക്കണമായിരുന്നു.

ഈ വൈറസിനെപ്പറ്റി നമുക്കിപ്പോള്‍ ഏതാണ്ട് ധാരണയുണ്ട്. എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നെല്ലാം. ഇതിനെല്ലാം പുറമെ കളിക്കാരെല്ലാം രണ്ട് തവണ വാക്സിന്‍ സ്വീകരിച്ചവരുമാണ്. ബയോ സെക്യൂര്‍ ബബിളില്‍ ആവശ്യമായിരുന്നുവെങ്കില്‍ സുരക്ഷ കൂട്ടാമായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ 11 പേരെ കണ്ടെത്താന്‍ ഇന്ത്യ പാടുപെട്ടുവെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനില്‍പ്പിന് തന്നെ ഈ മത്സരം അനിവാര്യമായിരുന്നു. പരമ്പര അത്രമാത്രം ആവേശകരമായിരുന്നു. ടെസ്റ്റ് മത്സരത്തിലെ ടോസിന്  ഒന്നര മണിക്കൂര്‍ മുമ്പ് മത്സരം റദ്ദാക്കുക എന്നത് അത്രമാത്രം എളുപ്പമുള്ള കാര്യമല്ല. മത്സരം കാണാനെത്തിയ ആയിരക്കണക്കിനാളുകളെ അപമാനിക്കുന്നതിന് തുല്യമാണ്' എന്നുമായിരുന്നു അന്ന് വോണിന്‍റെ വിമര്‍ശനം. 

കൊവിഡിന് പിന്നാലെ സണ്‍റൈസേഴ്‌സിന് തിരിച്ചടി

കൊവിഡ് ആശങ്കകള്‍ക്കിടയിലും മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം നടന്നപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റിന് അനായാസം വിജയിച്ചു. ഇതോടെ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷാ(8 പന്തില്‍ 11), ശിഖര്‍ ധവാന്‍(37 പന്തില്‍ 42) എന്നിവരുടെ വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്. തിരിച്ചുവരവ് ഗംഭീരമാക്കിയ ശ്രേയസ് അയ്യരുടെയും(41 പന്തില്‍ 47*), റിഷഭ് പന്തിന്‍റേയും(21 പന്തില്‍ 35*) ബാറ്റിംഗ് മികവില്‍ ഡല്‍ഹി 17.5 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തി. 

ഐപിഎല്‍: രോഹിത് മടങ്ങിയെത്തും; കൊല്‍ക്കത്തയെ പൂട്ടാന്‍ മുംബൈ ഇറങ്ങുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!