ഹേസല്‍വുഡിന്‍റെ ഇരട്ട പ്രഹരം; ഷായുടെ ബൗണ്ടറി ഷോയില്‍ പവര്‍പ്ലേയില്‍ ഡല്‍ഹി സുരക്ഷിതം

By Web TeamFirst Published Oct 10, 2021, 8:03 PM IST
Highlights

ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെ സിഎസ്‌കെ ഇറങ്ങിയപ്പോള്‍ റിഷഭിന്‍റെ ഡല്‍ഹി റിപാല്‍ പട്ടേലിന് പകരം ടോം കറനെ ഉള്‍പ്പെടുത്തി.  

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ആദ്യ ക്വാളിഫയറില്‍(Qualifier 1) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ(Chennai Super Kings), ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പവര്‍പ്ലേയില്‍ മികച്ച സ്‌കോറിനിടയിലും ഇരട്ട വിക്കറ്റ് നഷ്‌ടം. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 51-2 എന്ന നിലയിലാണ് ഡല്‍ഹി. ഓപ്പണര്‍ ശിഖര്‍ ധവാന്‍(7), മൂന്നാമന്‍ ശ്രേയസ് അയ്യര്‍(1) എന്നിവരുടെ വിക്കറ്റാണ് വീണത്. ഇരു വിക്കറ്റും ഹേസല്‍വുഡിനായിരുന്നു. 

ഹേസല്‍വുഡിന്‍റെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ധവാന്‍ ധോണിയുടെ കൈകളിലെത്തി. ആറാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ശ്രേയസിന്‍റെ പുറത്താകല്‍. ഗെയ്‌ക്‌വാദാണ് ക്യാച്ചെടുത്തത്. 19 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 43 റണ്‍സെടുത്ത പൃഥ്വി ഷായ്‌ക്കൊപ്പം അക്‌സര്‍ പട്ടേലാണ് ക്രീസില്‍.  

ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെ സിഎസ്‌കെ ഇറങ്ങിയപ്പോള്‍ റിഷഭിന്‍റെ ഡല്‍ഹി റിപാല്‍ പട്ടേലിന് പകരം ടോം കറനെ ഉള്‍പ്പെടുത്തി.  

ഡല്‍ഹി ക്യാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, റിഷഭ് പന്ത്(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, ടോം കറന്‍, ആവേഷ് ഖാന്‍, ആന്‍റിച്ച് നോര്‍ജെ. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്. 

തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. 2019ൽ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹി രണ്ടാം ക്വാളിഫയറിൽ പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഇത്തവണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിൽ കളിക്കാനിറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യൻമാരായ ചെന്നൈ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താതെ പുറത്തായ ടീമാണ്.

സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രം ചെന്നൈക്കൊപ്പമാണ്. ഡല്‍ഹി-ചെന്നൈ പോരാട്ടത്തില്‍ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കുമ്പോള്‍ തോൽക്കുന്നവർക്ക് ഒരവസരം കൂടി കിട്ടും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെയാണ് രണ്ടാം ക്വാളിഫയറിൽ അവര്‍ നേരിടുക. 

ചെന്നൈയോ ഡല്‍ഹിയോ, ആരാദ്യം ഫൈനലിലേക്ക്; പ്രവചനമിങ്ങനെ

click me!