ബാറ്റിംഗ് വെടിക്കെട്ടില്ല; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് മോശം സ്‌കോര്‍

By Web TeamFirst Published Sep 28, 2021, 5:27 PM IST
Highlights

സ്‌മിത്ത് 34 പന്തില്‍ 39 റണ്‍സുമായി 13-ാം ഓവറില്‍ ഫെര്‍ഗൂസണ് മുന്നില്‍ കീഴടങ്ങിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ(Kolkata Knight Riders) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) കുറഞ്ഞ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 127 റണ്‍സേ നേടിയുള്ളൂ. സ്റ്റീവ് സ്‌മിത്തും(Steve Smith) റിഷഭ് പന്തും(Rishabh Pant) മാത്രമാണ് മുപ്പത് കടന്നത്. കെകെആറിനായി ഫെര്‍ഗൂസണും നരെയ്‌നും അയ്യരും രണ്ട് വീതം വിക്കറ്റും സൗത്തി ഒന്നും നേടി. 

ഓപ്പണിംഗില്‍ പരിക്കേറ്റ പൃഥ്വി ഷായ്‌ക്ക് പകരം സ്റ്റീവ് സ്‌മിത്തിനെ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി കളത്തിലെത്തിയത്. ഏഴ് ഓവറിനിടെ രണ്ട് വിക്കറ്റുകള്‍ ‍ഡല്‍ഹിക്ക് നഷ്‌ടമായി. ശിഖര്‍ ധവാനെ(20 പന്തില്‍ 24) അഞ്ചാം ഓവറില്‍ വെങ്കിടേഷ് അയ്യരുടെ കൈകളില്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ സ്‌മിത്തിനൊപ്പം 35 റണ്‍സാണ് ധവാന്‍ ചേര്‍ത്തത്. മൂന്നാമന്‍ ശ്രേയസ് അയ്യരെ(5 പന്തില്‍ 1) ഏഴാം ഓവറില്‍ സുനില്‍ നരെയ്‌ന്‍ സുന്ദരന്‍ പന്തില്‍ ബൗള്‍ഡാക്കി. 

റിഷഭ് പന്തിനെ കൂട്ടുപിടിച്ച് കരുതലോടെ കളിച്ച സ്‌മിത്ത് ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഡല്‍ഹി 10-ാം ഓവറില്‍ 60 പിന്നിട്ടു. എന്നാല്‍ സ്‌മിത്ത് 34 പന്തില്‍ 39 റണ്‍സുമായി 13-ാം ഓവറില്‍ ഫെര്‍ഗൂസണ് മുന്നില്‍ കീഴടങ്ങിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(4), ലളിത് യാദവ്(0), അക്‌സര്‍ പട്ടേല്‍(0) എന്നിവര്‍ അതിവേഗം ഡ്രസിംഗ് റൂമിലെത്തി. സൗത്തിയുടെ അവസാന ഓവറില്‍ അശ്വിനും(9), റിഷഭും(39), ആവേഷും (5) പുറത്തായപ്പോള്‍ റബാഡ(0*) പുറത്താകാതെ നിന്നു. 

ജയിച്ചാല്‍ ഡല്‍ഹി തലപ്പത്ത്

കൊല്‍ക്കത്ത കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തിയാണ് ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പകരം മലയാളി താരം സന്ദീപ് വാര്യര്‍ ടീമിലെത്തി. പരിക്കേറ്റ ആന്ദ്രേ റസലിന് പകരം ടിം സൗത്തിയും ഇലവനില്‍ ഇടംപിടിച്ചു. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹിക്ക് ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുണ്ട്. ജയിച്ചാല്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്താം. 

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, സ്റ്റീവന്‍ സ്‌മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാഡ, ആന്‍‌റിച്ച് നോര്‍ജെ, ആവേഷ് ഖാന്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍. 

10 ലക്ഷത്തിന് വേണ്ടി ഞാനെന്തിന് അങ്ങനെ ചെയ്യണം? വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

click me!