ഗെയ്‌ല്‍ തുടക്കമിട്ടു, പിന്നെ ഇടറി; ഒടുവില്‍ രാഹുല്‍-ബ്രാര്‍ വെടിക്കെട്ടില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍

By Web TeamFirst Published Apr 30, 2021, 9:16 PM IST
Highlights

ഒരുവേള 200 കടക്കുമെന്ന് തോന്നിച്ച പഞ്ചാബിന്‍റെ ഇന്നിംഗ്‌സ് നാടകീയതകള്‍ നിറഞ്ഞതായി. ഗെയിലാട്ടത്തിന് ശേഷം മധ്യനിര തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു പഞ്ചാബ്. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ കെ എല്‍ രാഹുലിന്‍റെയും ക്രിസ് ഗെയ്‌ലിന്‍റെയും ഹര്‍പ്രീത് ബ്രാറിന്‍റെയും വെടിക്കെട്ട് ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 179 റണ്‍സ് നേടി. രാഹുല്‍ 57 പന്തില്‍ 91* റണ്‍സും ഗെയ്‌ല്‍ 24 പന്തില്‍ 46 റണ്‍സും ഹര്‍പ്രീത് 17 പന്തില്‍ 25* റണ്‍സുമെടുത്തു. മധ്യനിര തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു പഞ്ചാബ്.  

കെ എല്‍ രാഹുലിനൊപ്പമിറങ്ങിയ പുത്തന്‍ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(7 പന്തില്‍ 7) നാലാം ഓവറില്‍ ജാമീസണ്‍ പുറത്താക്കിയെങ്കിലും അതിഗംഭീരമായിരുന്നു പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ 10 ഓവറുകള്‍. ക്രിസ് ഗെയ്‌ല്‍ അടിച്ചൊതുക്കിയപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 90 റണ്‍സ് പിറന്നു. ജാമീസണെ ആറാം ഓവറില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 20 റണ്‍സടിച്ച് ഗെയ്‌ല്‍ കൈകാര്യം ചെയ്തതായിരുന്നു ഇതിലെ ഹൈലൈറ്റ്. 

എന്നാല്‍ മത്സരത്തിന്‍റെ സ്റ്റിയറിംഗ് ആര്‍സിബി തൊട്ടടുത്ത ഓവറില്‍ തിരിച്ചുപിടിക്കുന്നതാണ് പിന്നാലെ കണ്ടത്. പഞ്ചാബ് 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 119 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകൂത്തി. 19 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴുകയായിരുന്നു.

ഡാനിയേല്‍ സാംസ് എറിഞ്ഞ 11-ാം ഓവറില്‍ ഹുക്കിന് ശ്രമിച്ച ഗെയ്‌ല്‍ വിക്കറ്റിന് പിന്നില്‍ എബിഡിയുടെ കൈകളിലെത്തിയത് വഴിത്തിരിവായി. 24 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഗെയ്‌ല്‍ 46 റണ്‍സ് നേടി. ജാമീസണിന്‍റെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോളാസ് പുരാന്‍(0), ഷഹ്‌ബാസിന്‍റെ 14-ാം ഓവറിലെ അവസാന പന്തില്‍ ദീപക് ഹൂഡ(5), ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ ഷാരൂഖ് ഖാന്‍(0) എന്നിവര്‍ ഡ്രസിംഗ് റൂമിലെത്തി. 

കെ എല്‍ രാഹുല്‍ 35 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത് മാത്രമായിരുന്നു പഞ്ചാബിന് ഇതിനിടെ ആശ്വസിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് ബ്രാര്‍ രാഹുലിനൊപ്പം അവസാന മൂന്ന് ഓവറുകളില്‍ കളി തിരിച്ചുപിടിച്ചു. സീസണിലെ വിക്കറ്റ് വേട്ടക്കാരന്‍ ഹര്‍ഷാലിന്‍റെ 18-ാം ഓവറില്‍ 18 റണ്‍സും സിറാജിന്‍റെ 19-ാം ഓവറില്‍ ഏഴ് റണ്‍സും ഹര്‍ഷാലിന്‍റെ തന്നെ അവസാന ഓവറില്‍ 22 റണ്‍സും രാഹുലും ഹര്‍പ്രീതും ചേര്‍ത്തതോടെ പഞ്ചാബ് 179 റണ്‍സിലെത്തി.  

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമതെത്താന്‍ ബാംഗ്ലൂര്‍ ഒരു മാറ്റവും വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ് മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌‌ബാസ് അഹമ്മദ് ബാംഗ്ലൂര്‍ ഇലവനിലെത്തി. അതേസമയം പഞ്ചാബില്‍ ഹെന്‍‌റിക്‌സിനും മായങ്കിനും അര്‍ഷ്‌ദീപിനും പകരം മെരെഡിത്ത്, പ്രഭ്‌സിമ്രാന്‍, ഹര്‍പ്രീത് എന്നിവരെത്തി.  

പഞ്ചാബ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ക്രിസ് ഗെയ്‌ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്(വിക്കറ്റ് കീപ്പര്‍), ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, റിലി മെരെഡിത്ത്. 

ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഡാനിയേല്‍ സാംസ്, കെയ്‌ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!