ഗില്ലിക്ക് ശേഷമുള്ള ആദ്യ വിദേശി! ഐപിഎല്ലില്‍ എലൈറ്റ് പട്ടികയ്‌ക്ക് തൊട്ടരികെ ക്വിന്റൺ ഡികോക്ക്

By Web TeamFirst Published Sep 23, 2021, 2:38 PM IST
Highlights

നേട്ടം സ്വന്തമാക്കുന്നതോടെ ആദം ഗില്‍ക്രിസ്റ്റിന് ശേഷം നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ മാത്രം വിദേശ വിക്കറ്റ് കീപ്പര്‍ എന്ന പദവിയും ഡികോക്കിന് സ്വന്തമാകും

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ(Kolkata Knight Riders) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഇന്നിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡികോക്ക്(Quinton de Kock). വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഐപിഎല്ലില്‍ 2000 റണ്‍സ് തികച്ച താരങ്ങളുടെ എലൈറ്റ് പട്ടികയ്‌ക്ക് തൊട്ടരികെയാണ് മുംബൈയുടെ ദക്ഷിണാഫ്രിക്കന്‍ താരം. 

ചരിത്രനേട്ടത്തിന് 18 റണ്‍സിന്‍റെ മാത്രം അകലെയാണ് ക്വിന്‍റണ്‍ ഡികോക്ക്. ലോകത്തെ ഏറ്റവും വാശിയേറിയ ടി20 ലീഗില്‍ 1982 റണ്‍സാണ് ഡികോക്കിന് സമ്പാദ്യമായുള്ളത്. നേട്ടം സ്വന്തമാക്കുന്നതോടെ ആദം ഗില്‍ക്രിസ്റ്റിന് ശേഷം നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ മാത്രം വിദേശ വിക്കറ്റ് കീപ്പര്‍ എന്ന പദവിയും ഡികോക്കിന് സ്വന്തമാകും. 

ഐപിഎല്‍: രോഹിത് മടങ്ങിയെത്തും; കൊല്‍ക്കത്തയെ പൂട്ടാന്‍ മുംബൈ ഇറങ്ങുന്നു

4554 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയാണ് പട്ടികയില്‍ മുന്നില്‍. ദിനേശ് കാര്‍ത്തിക്(3657), റോബിന്‍ ഉത്തപ്പ(3011), പാര്‍ഥീവ് പട്ടേല്‍(2583), കെ എല്‍ രാഹുല്‍(2215), റിഷഭ് പന്ത്(2094), ആദം ഗില്‍ക്രിസ്റ്റ്(2069), എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള താരങ്ങള്‍. 

ഡികോക്കിന് കൊല്‍ക്കത്തയെ പേടി

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാഴികക്കല്ല് പിന്നിടണമെങ്കില്‍ ക്വിന്‍റണ്‍ ഡികോക്കിന് കാര്യങ്ങള്‍ എളുപ്പമല്ല. പവര്‍പ്ലേ ഓവറുകളില്‍ കൊല്‍ക്കത്തയുടെ സ്‌പിന്‍ ആക്രമണമാണ് തലവേദന. ആറ് മത്സരങ്ങളില്‍ മൂന്ന് തവണയാണ് പവര്‍പ്ലേയില്‍ കൊല്‍ക്കത്തന്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം അടിയറവ് പറഞ്ഞത്. ഐപിഎല്ലില്‍ ഡികോക്കിന് ഏറ്റവും മോശം ബാറ്റിംഗ് റെക്കോര്‍ഡുള്ളതും കെകെആറിന് എതിരെയാണ്. 10 മത്സരങ്ങളില്‍ 172 റണ്‍സ് മാത്രമാണ് സമ്പാദ്യം. 

ചെന്നൈക്കെതിരെ നാളെ വെടിക്കെട്ടിന് അസ്‌ഹറുദ്ദീന്‍? ആകാംക്ഷ സൃഷ്‌ടിച്ച് ചിത്രം

ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയുടെ ഇന്നിംഗ്‌സ് ക്വിന്‍റണ്‍ ഡികോക്ക് ഓപ്പണ്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് മുംബൈ വരുന്നത്. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റ് ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. 

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍പിക്കുകയായിരുന്നു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ(50) പോരാട്ടം പാഴായി. ക്വിന്‍റണ്‍ ഡികോക്ക് 12 പന്തില്‍ 17 റണ്‍സ് മാത്രമേ നേടിയുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റുതുരാജ് ഗെയ്‌‌ക്‌വാദിന്‍റെ മിന്നും അര്‍ധ സെഞ്ചുറിയിലാണ്(88*) മാന്യമായ സ്‌കോര്‍(156-6) എഴുതിച്ചേര്‍ത്തത്. 

'എന്താണ് ചെയ്യുന്നത്'; കേദാര്‍ ജാദവിന്‍റെ റിവ്യൂ കണ്ട് തലയില്‍ കൈവെച്ച് ലാറ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!