
ദില്ലി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐപിഎൽ പതിനാലാം സീസൺ പാതിവഴിയിൽ നിർത്തുമ്പോൾ ഏറ്റവും കൂടുതൽ നിരാശരാവുന്നത് ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ്. കിരീടപ്രതീക്ഷയുമായി ഡൽഹിയും ബാംഗ്ലൂരും മികച്ച ഫോമിൽ കളിക്കവേയാണ് കൊവിഡ് വില്ലനായത്.
ആദ്യ കിരീടമെന്ന ഡൽഹി ക്യാപിറ്റൽസിന്റേയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും സ്വപനങ്ങളാണ് കൊവിഡ് പാതിവഴിയിൽ തകർത്തത്. എട്ട് കളിയിൽ ആറും ജയിച്ച് 12 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്നു ഡൽഹി. ശ്രേയസ് അയ്യർക്ക് പകരം നായകനായി അരങ്ങേറിയ റിഷഭ് പന്തും കോച്ച് റിക്കി പോണ്ടിംഗും കിരീടത്തിലേക്ക് നോട്ടമിട്ടെങ്കിലും വിധി മുഖംതിരിച്ചു.
ഏഴ് കളിയിൽ പത്ത് പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പർ കിംഗ്സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സീസണിലെ ആദ്യ നാല് കളിയിലും ജയിച്ചാണ് വിരാട് കോലിയുടെ ബാംഗ്ലൂർ തുടങ്ങിയത്. പൊന്നും വിലയ്‌ക്ക് ടീമിലെത്തിച്ച ഗ്ലെൻ മാക്‌സ്‌വെൽ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയതും എ ബി ഡിവിലിയേഴ്‌സും ദേവ്ദത്ത് പടിക്കലും മികവ് തുടർന്നതും കോലിയുടെ പ്രതീക്ഷകൾ കിരീടത്തോളം വളർത്തി.
കഴിഞ്ഞ സീസണിലെ നിരാശയിൽ നിന്ന് കരകയറുന്ന ധോണിപ്പടയ്‌ക്കും ടൂർണമെന്റ് നിർത്തിയത് നിരാശയായി. അടുത്ത സീസണിൽ മെഗാ താരലേലം നടക്കാനിരിക്കുന്നതിനാൽ ധോണിയടക്കമുള്ള പലതാരങ്ങളുടേയും ഭാവി എന്തായിരിക്കുമെന്ന് കണ്ടറിയണം. ഇത്തവണയും ബാറ്റിംഗിൽ ധോണിക്ക് പഴയ മികവിന്റെ അടുത്തുപോലും എത്താനായിരുന്നില്ല.
ഐപിഎല്‍ പതിനാലാം സീസണ്‍: മത്സരം പുനരാരംഭിക്കാന്‍ പുതിയ സാധ്യതകളുമായി ബിസിസിഐ
ഐപിഎല്ലിൽ നായകനായി അരങ്ങേറ്റം കുറിച്ച മലയാളിതാരം സഞ്ജു സാംസണും പാതിവഴിയിലെ മടക്കം ഓർമിക്കാൻ ആഗ്രഹിക്കില്ല. ഏഴ് കളിയിൽ മൂന്ന് ജയവും നാല് തോൽവിയുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. സെഞ്ചുറിയടക്കം 277 റൺസുമായാണ് സഞ്ജു ഇത്തവണ മടങ്ങുന്നത്. നാല് ജയവുമായി ലീഗിൽ നാലാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona