ധോണി ആരാധകര്‍ക്ക് നിരാശ; ലഖ്‌നൗ-ചെന്നൈ മത്സരം മഴയില്‍ ഒലിച്ചുപോയി, പോയിന്‍റുകള്‍ ഇങ്ങനെ

Published : May 03, 2023, 07:05 PM ISTUpdated : May 03, 2023, 07:13 PM IST
ധോണി ആരാധകര്‍ക്ക് നിരാശ; ലഖ്‌നൗ-ചെന്നൈ മത്സരം മഴയില്‍ ഒലിച്ചുപോയി, പോയിന്‍റുകള്‍ ഇങ്ങനെ

Synopsis

ബദോനി 33 പന്തില്‍ 59 റണ്‍സെടുത്ത് നില്‍ക്കേ 19.2 ഓവറില്‍ മഴയെത്തുകയായിരുന്നു, പിന്നീട് മത്സരം പുനരാരംഭിക്കാനായില്ല. 

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ലഖ്‌നൗ 19.2 ഓവറില്‍ 125-7 എന്ന സ്‌കോറില്‍ നില്‍ക്കേ ആദ്യം മഴയെത്തിയപ്പോള്‍ പിന്നീട് ഇടവിട്ട് പെയ്‌‌ത മഴ മത്സരം അവതാളത്തിലാക്കുകയായിരുന്നു. അ‌ഞ്ച് ഓവറായി വെട്ടിച്ചുരുക്കിയുള്ള മത്സരം നടത്താനുള്ള സാധ്യത പോലും ലഖ്‌നൗവിലുണ്ടായിരുന്നില്ല. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം വീതിച്ചെടുത്തു. 10 കളികളില്‍ 11 പോയിന്‍റ് വീതമുള്ള ലഖ്‌നൗവും ചെന്നൈയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. 

സിഎസ്‌കെ ബൗളര്‍മാര്‍ ഏറോട് ഏറ്

ചെന്നൈയുടെ സ്‌പിന്നര്‍മാര്‍ വട്ടംകറക്കിയതോടെ വന്‍ തകര്‍ച്ചയോടെയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റിംഗ് തുടക്കം. 6.5 ഓവറില്‍ 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്‌ടമായി. പിന്നീട് 9.4 ഓവറില്‍ 44ന് അഞ്ച് വിക്കറ്റും വീണു. മൊയീന്‍ അലി ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സിനെ(17 പന്തില്‍ 14) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിച്ചാണ് വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ മനന്‍ വോറയ്‌ക്കും തിളങ്ങാനായില്ല. 11 പന്തില്‍ 10 നേടിയ വോറയെ ആറാം ഓവറിലെ നാലാം പന്തില്‍ മഹീഷ് തീക്‌ഷന ബൗള്‍ഡാക്കി. തൊട്ടടുത്ത ബോളില്‍ നായകന്‍ ക്രുനാല്‍ പാണ്ഡ്യയെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ ഗംഭീര ക്യാച്ചില്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി. 

ബദോനിയുടെ പോരാട്ടവും പാഴായി

ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്ത് കുത്തിത്തിരിഞ്ഞപ്പോള്‍ ബെയ്‌ല്‍സ് തെറിച്ചത് സ്റ്റോയിനിസ്(4 പന്തില്‍ 6) അറിഞ്ഞുപോലുമില്ല. പിന്നാലെ കരണ്‍ ശര്‍മ്മയുടെ(16 പന്തില്‍ 9) ശരവേഗത്തിലുള്ള ഷോട്ട് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മൊയീന്‍ അലി പിടികൂടി. ഇതോടെ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അലിക്ക് രണ്ട് വിക്കറ്റായി. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 62/5 റണ്‍സ് മാത്രമാണ് ലഖ്‌നൗവിനുണ്ടായിരുന്നത്. 18-ാം ഓവറിലാണ് നിക്കോളാസ് പുരാനും ആയുഷ് ബദോനിയുടെ ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തുന്നത്. ഇതിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ മഹീഷ് പതിരാന, നിക്കോളാസ് പുരാനെ(31 പന്തില്‍ 20) ഡ്രസിംഗ് റൂമിലെത്തിച്ചു. ബദോനി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പതിരാനയുടെ അവസാന ഓവറില്‍ കൃഷ്‌ണപ്പ ഗൗതം(3 പന്തില്‍ 1) രഹാനെയുടെ ക്യാച്ചില്‍ മടങ്ങി. ബദോനി 33 പന്തില്‍ 59* റണ്‍സെടുത്ത് നില്‍ക്കേ 19.2 ഓവറില്‍ മഴയെത്തുകയായിരുന്നു. 

Read more: ലഖ്‌നൗ-ചെന്നൈ മത്സരം തടസപ്പെട്ടു; മഴയില്‍ മിന്നലായി ആയുഷ് ബദോനി, ഫിഫ്റ്റി


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍