ഈഡന്‍ ഗാര്‍ഡന്‍സിനെ കണ്ട് പഠിക്കൂ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് മാറ്റാം; നിര്‍ദേശം

By Web TeamFirst Published May 31, 2023, 8:26 PM IST
Highlights

വശത്തുള്ള പരിശീലന വിക്കറ്റുകള്‍ നനഞ്ഞുകിടന്നതിലാണ് മത്സരം പുനരാരംഭിക്കാന്‍ വൈകിയത്

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണിലെ ഫൈനലിന് വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മഴകവച സംവിധാനം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഫൈനല്‍ റിസര്‍വ് ദിനത്തിലേക്ക് നീട്ടിയപ്പോള്‍ രണ്ടാംദിനം മത്സരത്തിനിടെ പെയ്‌ത മഴയ്‌ക്ക് ശേഷം മണിക്കൂറുകള്‍ വേണ്ടിവന്നു സ്റ്റേഡ‍ിയം ഉണക്കി വീണ്ടും മത്സര യോഗ്യമാക്കാന്‍. ലോകത്തിലെ അതിസമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ പോലും ആവശ്യമായ സംവിധാനങ്ങളില്ല എന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ സംവിധാനങ്ങള്‍ അഹമ്മദാബാദിലും ഒരുക്കുകയാണ് വേണ്ടത് എന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്നേഹാശിഷ് ഗാംഗുലിയുടെ നിരീക്ഷണം. 

'വശത്തുള്ള പരിശീലന വിക്കറ്റുകള്‍ നനഞ്ഞുകിടന്നതിലാണ് മത്സരം പുനരാരംഭിക്കാന്‍ വൈകിയത്. അഹമ്മദാബാദിലേത് പുതിയ സ്റ്റേഡിയമാണ്. ഈ പ്രശ്‌നം വേഗം പ്രതികരിക്കുമെന്ന് പ്രതീക്ഷ. ഗ്രൗണ്ട് പൂര്‍ണമായും മറച്ചാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. ലോകകപ്പിന് മുമ്പ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലെ പോലെ ഗ്രൗണ്ട് പൂര്‍ണമായും മറയ്‌ക്കാന്‍ കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. രണ്ട് വര്‍ഷം മുമ്പ് ഇതിനായി ഈഡനില്‍ ഏകദേശം 80 ലക്ഷം രൂപയാണ് ചിലവായത്. ഇങ്ങനെ ചെയ്‌താല്‍ മൈതാനത്തിന് ഇരട്ടി സുരക്ഷയുണ്ടാകും' എന്നും സ്നേഹാശിഷ് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പൂര്‍ണമായും മൂടി മഴകവച സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡനിലേക്. ഐപിഎല്‍ 2023 സീസണിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. 

ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ മഴ കാരണം തടസപ്പെട്ടിരുന്നു. സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയപ്പോള്‍ പരിശീലന പിച്ചുകളിലെ വെള്ളക്കെട്ട് കാരണം മത്സരം ആരംഭിക്കാന്‍ ഏറെനേരം വൈകി. സ്പോഞ്ചും ബക്കറ്റും ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് പിടിപ്പത് പണിയെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മഴ കാരണം മത്സരം 15 ഓവറായി വെട്ടിച്ചുരുക്കേണ്ടിവന്നിരുന്നു. 

Read more: മൈതാനം ഉണക്കാന്‍ ഇവിടെ ബക്കറ്റും സ്പോഞ്ചും തന്നെ ശരണം; ബിസിസിഐയെ പൊരിച്ച് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!