നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തുകയായിരുന്നു

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ മഴ കാരണം തടസപ്പെട്ടപ്പോള്‍ ബിസിസിഐക്ക് ട്രോള്‍ പൂരം. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐക്ക് മൈതാനം ഉണക്കാനുള്ള അത്യാധുനിക സംവിധാനങ്ങളില്ല എന്നാണ് ട്വിറ്ററില്‍ ആരാധകരുടെ വിമർശനം. വെള്ളം ഒപ്പിയെടുക്കാന്‍ ഇപ്പോഴും സ്പോഞ്ചും ബക്കറ്റുമാണ് ഇവിടെയുള്ളത് എന്ന് ആരാധകർ പരിഹസിക്കുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഫൈനല്‍ മഴയ്ക്ക് ശേഷം പുനരാരംഭിക്കാന്‍ വൈകിയതോടെ ആരാധകർ ട്രോള്‍ മഴയൊരുക്കിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തുകയായിരുന്നു. ഔട്ട്ഫീൽഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ ​ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞ് പരിശ്രമിക്കുകയാണ്. സ്റ്റേഡിയത്തില്‍ വീശിയടിച്ച കനത്ത കാറ്റ് പിച്ചും പരിസരവും പൂർണമായും മറയ്ക്കാന്‍ ഏറെ വിഷമമുണ്ടാക്കി. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌‌വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. മത്സരം ഏറെ നേരം വൈകിയതോടെ 15 ഓവറായി ചുരുക്കിയിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മൂന്നാമനായിറങ്ങി 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സുമെടുത്ത് മടങ്ങി. റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്‌കെയ്‌ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി.

Read more: ഐപിഎല്‍ ഫൈനലില്‍ ഇന്നും മഴ കളിച്ചാല്‍ എന്ത് ചെയ്യും? നിയമങ്ങളും കട്ട്‌ഓഫ് ടൈമുകളും വിശദമായി

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News