ദാദ-കിംഗ് ശീതസമരം മൂർച്ഛിക്കുന്നോ; കണ്ണുരുട്ടലിന് പിന്നാലെ ഗാംഗുലിയെ ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്‌ത് കോലി?

Published : Apr 17, 2023, 05:29 PM ISTUpdated : Apr 17, 2023, 05:35 PM IST
ദാദ-കിംഗ് ശീതസമരം മൂർച്ഛിക്കുന്നോ; കണ്ണുരുട്ടലിന് പിന്നാലെ ഗാംഗുലിയെ ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്‌ത് കോലി?

Synopsis

സൗരവ് ഗാംഗുലി-വിരാട് കോലി വിവാദം പുതിയ തലത്തില്‍ എത്തിയിരിക്കുന്നു എന്ന സൂചനയാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ റോയൽ ചലഞ്ചേഴ്‌സ് ബാം​ഗ്ലൂർ-ഡൽഹി ക്യാപിറ്റൽസ് മത്സര ശേഷം ​ഗ്രൗണ്ടിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയിരുന്നു. ഡല്‍ഹി ടീം ഡയറക്‌ടര്‍ സൗരവ് ഗാംഗുലിലും ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലിയും മത്സരം കഴിഞ്ഞ് ഹസ്തദാനം നൽകാതെ ഒഴിഞ്ഞുമാറുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്. മത്സരത്തിനിടെ ഗാംഗുലിയെ കോലി തുറിച്ചുനോക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. ബിസിസിഐ പ്രസിഡന്‍റായിരിക്കേ ഗാംഗുലിയും അന്ന് ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ശീതസമരത്തിന്‍റെ ബാക്കിയാണിത് എന്ന് ആരാധകര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു.

സൗരവ് ഗാംഗുലി-വിരാട് കോലി വിവാദം പുതിയ തലത്തില്‍ എത്തിയിരിക്കുന്നു എന്ന സൂചനയാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഗാംഗുലിയെ കോലി അണ്‍ഫോളോ ചെയ്‌തു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോലി മുമ്പ് ഗാംഗുലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്‌തിരുന്നോ, ചെയ്‌തിരുന്നെങ്കില്‍ എന്നാണ് അണ്‍ഫോളോ ചെയ്‌തത് എന്നും വ്യക്തമല്ല. 

ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയിറങ്ങിയ വിരാട് കോലിയെ 2021 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഏകദിന നായകസ്ഥാനം രോഹിത് ശര്‍മ്മയ്‌ക്ക് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി അന്ന് അവകാശപ്പെട്ടിരുന്നു. കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ ഈ അവകാശവാദം ശരിവെച്ചിരുന്നു അന്നത്തെ മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ. എന്നാല്‍ ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതോടെ സൂപ്പര്‍ താരവും ബിസിസിഐയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യൂഹങ്ങള്‍ പടര്‍ന്നു. 

ക്യാപ്റ്റന്‍സി വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ 2022 ജനുവരിയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സി വിരാട് കോലി ഒഴിയുകയും ചെയ്‌തു. ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 

Read more: ഐപിഎല്‍ അരങ്ങേറ്റം; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ കിംഗ് ഖാനിന്‍റേത്

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍