
ലഖ്നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടും മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഇന്ന് കളിക്കാനിറങ്ങിയേക്കും. ഹേസല്‍വുഡ് കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നില്ല. എങ്കിലും പരിക്ക് പൂര്‍ണമായും ഭേദമായതിനാല്‍ താരം ഇന്ന് കളിക്കാനിറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹേസല്‍വുഡ് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിവന്നാല്‍ ഡേവിഡ് വില്ലിയാവും പുറത്താവുക. കഴിഞ്ഞ മത്സരത്തില്‍ വില്ലിയുടെ കാല്‍പാദത്തിന് പരിക്കേറ്റിരുന്നു.
നിലവില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ഒഴികെയുള്ള ആര്‍സിബി ബൗളര്‍മാരൊന്നും ഫോമിലല്ല. തല്ലുവാങ്ങി വലയുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസമേകാന്‍ പരിചയസമ്പന്നനായ ഹേസല്‍വുഡിന്‍റെ മടങ്ങിവരവ് സഹായകമാകും. വിരാട് കോലി, ഫാഫ് ഡുപ്ലസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രിമൂര്‍ത്തികളുടെ പ്രകടനം കഴിഞ്ഞാല്‍ ദുര്‍ബലമാണ് സീസണില്‍ ആര്‍സിബിയുടെ ബാറ്റിംഗും. മഹിപാല്‍ ലോംറര്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ചവെക്കുന്നുണ്ടെങ്കിലും ഷഹ്‌ബാസ് അഹമ്മദും ദിനേശ് കാര്‍ത്തിക്കും സുയാഷ് പ്രഭുദേശായിയും ഫോമിലേക്ക് എത്തിയിട്ടില്ല. സ്‌പിന്നര്‍ വനിന്ദു ഹസരങ്കയെ ആശ്രയിക്കാമെങ്കിലും പേസര്‍ വിജയകുമാര്‍ വൈശാഖ് സ്ഥിരതയോടെ പന്തെറിയാന്‍ ഇതുവരെയായിട്ടില്ല. ഫാഫ് ഡുപ്ലസിസ് ഇംപാക്‌ട് പ്ലെയറായി തുടരാനാണ് സാധ്യത എന്നിരിക്കേ വിരാട് കോലി തന്നെയായിരിക്കും ക്യാപ്റ്റന്‍ എന്നാണ് സൂചന.
വൈകിട്ട് ഏഴരയ്‌ക്കാണ് ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങുക. എട്ട് കളികളില്‍ 10 പോയിന്‍റുമായി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് എങ്കില്‍ എട്ട് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതാണ്. ബെംഗളൂരുവിലെ തോൽവിക്ക് ലഖ്‌നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്‌സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ബാംഗ്ലൂരിന്‍റെ 212 റൺസ് ലഖ്‌നൗ അവസാന പന്തില്‍ മറികടക്കുകയായിരുന്നു.
Read more: ലഖ്‌നൗവില്‍ കനത്ത മഴ; കോലി-രാഹുല്‍ സൂപ്പര്‍ പോര് മഴ ഭീഷണിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!