ബെംഗളൂരുവിലെ തോൽവിക്ക് ലഖ്‌നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരുങ്ങുന്നത്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് മുമ്പ് ആരാധകര്‍ക്ക് നിരാശവാര്‍ത്ത. മത്സരവേദിയായ ലഖ്‌നൗവില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. വൈകിട്ട് ഏഴരയ്‌‌ക്കാണ് ഏകനാ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങേണ്ടത്. എട്ട് കളികളില്‍ 10 പോയിന്‍റുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ്. എട്ട് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതും. 

ബെംഗളൂരുവിലെ തോൽവിക്ക് ലഖ്‌നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്‌സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ബാംഗ്ലൂരിന്‍റെ 212 റൺസ് ലഖ്‌നൗ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. പഞ്ചാബ് കിംഗ്‌സിനെ 56 റൺസിന് തകർത്ത ആത്മവിശ്വാസവുമായാണ് കെ എൽ രാഹലും സംഘവും ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയിൽ തിരിച്ചെത്തിയേ മതിയാകൂ. വിരാട് കോലി, ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്സ്‍‍വെൽ ത്രയത്തിൽ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഒഴികെയുള്ള ബൗള‍ർമാരാരും പ്രതീക്ഷയ്ക്കൊത്ത് പന്തെറിയുന്നില്ല. ടീം ആദ്യം ബാറ്റ് ചെയ്‌ത് 250 സ്കോര്‍ ചെയ്താലും ബാക്കിയെല്ലാ ബൗളര്‍മാരും ചേര്‍ന്ന് ടീമിനെ തോല്‍പ്പിക്കുന്ന അവസ്ഥയിലാണ് ആര്‍സിബി. 

കെ എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കുണ്ടെങ്കിലും കെയ്ൽ മെയേഴ്സ് തുടക്കമിടുന്ന ലഖ്‌നൗവിന്‍റെ ബാറ്റിംഗ് നിര ട്രാക്കിലായിക്കഴിഞ്ഞു. മാര്‍ക്കസ് സ്റ്റോയിനിസും ആയുഷ് ബദോനിയും നിക്കോളാസ് പുരാനുമെല്ലാം മിന്നും ഫോമിലാണ്. ബൗളിംഗിലും ആശങ്കയില്ല. ദീപക് ഹൂഡയുടേയും ക്രുനാൽ പാണ്ഡ്യയുടേയും സ്റ്റോയിനിസിന്റെയും ഓൾറൗണ്ട് മികവ് ലഖ്‌നൗവിനെ അപകടകാരികളാക്കും. ഇരു ടീമും ഇതുവരെ ആകെ ഏറ്റുമുട്ടിയത് മൂന്ന് കളിയിലാണ് എങ്കില്‍ രണ്ടിൽ ബാംഗ്ലൂരും ഒന്നിൽ ലഖ്‌നൗവും ജയിച്ചു. 

Read more: 'കെജിഎഫ്' മിന്നിയാല്‍ കൊത്തും, ഇല്ലേല്‍ പൊട്ടും; മറുവശത്ത് രാഹുലിന്‍റെ 'സെൻസിബിൾ' അടികള്‍, പോര് ലഖ്നൗവിൽ