
ലഖ്നൗ: എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ, ക്രിസ് ഗെയ്‌ല്‍, എ ബി ഡിവില്ലിയേഴ്‌സ്, ലസിത് മലിംഗ, ഡേവിഡ് വാര്‍ണര്‍ തുടങ്ങി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിഹാസ സ്ഥാനമുള്ള താരങ്ങള്‍ നിരവധിയാണ്. ഇവരിലെ ഏറ്റവും മികച്ച താരം ആരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാവും. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി രശ്‌മിക മന്ദാന. മാത്രമല്ല, പ്രിയ ഐപിഎല്‍ ടീമിന്‍റെ പേരും പറയുന്നുണ്ട് താരം.
വിരാട് കോലിയാണ് എന്‍റെ പ്രിയ ഐപിഎല്‍ ക്രിക്കറ്റര്‍ എന്നാണ് രശ്‌മിക മന്ദാനയുടെ മറുപടി. കോലിയുടെ ടീമായ ആര്‍സിബിയാണ് ഇഷ്‌ടപ്പെട്ട ഫ്രാഞ്ചൈസി എന്നും അവര്‍ വ്യക്തമാക്കി. ആര്‍സിബിയുടെ ഇതിഹാസ താരമാണ് വിരാട് കോലി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മാത്രം കളിച്ചിട്ടുള്ള കിംഗ് കോലി നീണ്ട കാലം ക്യാപ്റ്റനായിരുന്നു. നിലവില്‍ പരിക്കേറ്റ ഫാഫ് ഡുപ്ലസിക്ക് പകരം നായകസ്ഥാനം കോലി വഹിക്കുന്നുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് കോലി. 231 മത്സരങ്ങളിലെ 223 ഇന്നിംഗ്‌സുകളില്‍ കോലി 142.31 സ്‌ട്രൈക്ക് റേറ്റിലും 47.57 ബാറ്റിംഗ് ശരാശരിയിലും 6957 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് സെഞ്ചുറികളും 49 അര്‍ധസെഞ്ചുറികളും കോലിക്കുണ്ട്. 43 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ താരമാകും വിരാട് കോലി.
ഐപിഎല്‍ പതിനാറാം സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ ഇന്ന് നേരിടും. ലഖ്‌നൗവില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. എട്ട് കളികളില്‍ 10 പോയിന്‍റുമായി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് എങ്കില്‍ എട്ട് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതാണ്. ബെംഗളൂരുവിലെ തോൽവിക്ക് ലഖ്‌നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്‌സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ബാംഗ്ലൂരിന്‍റെ 212 റൺസ് ലഖ്‌നൗ അവസാന പന്തില്‍ മറികടക്കുകയായിരുന്നു.
Read more: ഏഴായിരം അഴകിലേക്ക് വിരാട് കോലി; ഇന്നിറങ്ങുന്നത് കിംഗിന്‍റെ കസേര അരക്കിട്ടുറപ്പിക്കാന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!