
മുംബൈ: ആര്‍സിബിയുടെ വിരാട് കോലിയും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നവീൻ ഉള്‍ ഹഖും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ആരാധകര്‍. വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖ് രംഗത്ത് വന്നിരുന്നു. മത്സരം കാണുന്നതിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ മധുരമുള്ള മാമ്പഴങ്ങള്‍ എന്നും കുറിച്ചാണ് നവീൻ പോസ്റ്റിട്ടത്.
മത്സരത്തില്‍ മുംബൈയുടെ വിജയം ഉറപ്പായ സമയത്ത് താരം അടുത്ത പോസ്റ്റുമിട്ടു. ഇത്തവണയും ടിവിയില്‍ മത്സരം കാണുന്നത് തന്നെയായിരുന്നു ബാക്ക്ഗ്രൗണ്ടില്‍. ഒപ്പം രണ്ടാം റൗണ്ട് മാമ്പഴങ്ങളാണ് ഇതെന്നും തനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ച മാമ്പഴങ്ങളാണ് ഇതെന്നുമാണ് രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, താരം പിന്നീട് ഈ രണ്ടാമത്തെ പോസ്റ്റ് മാത്രം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ, ആരാധകരില്‍ നിന്ന് കടുത്ത പ്രതികരണമാണ് ഉണ്ടാകുന്നത്.
പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും മുന്നോട്ട് പോകുന്നത് നല്ലതിനല്ലെന്നും ആരാധകര്‍ പറയുന്നു. ലഖ്നൗവും ആര്‍സിബിയും തമ്മിലുള്ള മത്സരത്തിനിടെയാണ് നവീനുമായി കോലി ഉരസുന്നത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി ഇതുപോലെയാണ് നീ എനിക്ക് എന്ന് പറഞ്ഞുവെന്നാണ് വീഡിയോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. കോലി നടന്നടുക്കുന്നതും കാലിലെ ഷൂവിനടിയില്‍ നിന്ന് പുല്ല് എടുത്ത് കാണിച്ച് എന്തോ പറയുന്നതും വീഡിയോയില്‍ കാണാം.
അമ്പയറും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോലിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് അമിത് മിശ്രയുമായും കോലി കൊമ്പു കോര്‍ത്തിരുന്നു. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!