
മുംബൈ: ട്വിറ്റര്‍ ബ്ലൂ ടിക് ഒഴിവാക്കിയെങ്കിലും അതിനെ മറികടക്കാന്‍ തന്‍റെ കൈയില്‍ പുതിയ ട്രിക്കുണ്ടെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് സച്ചിനോട് ഒരു ആരാധകന്‍ നീല ടിക് ഇല്ലാതെ താങ്കളെങ്ങനെയാണ് യഥാര്‍ത്ഥ സച്ചിനാണെന്ന് ട്വിറ്ററില്‍ ഞങ്ങള്‍ തിരിച്ചറിയുക എന്ന് ചോദിച്ചത്. എന്നാല്‍ ഇതിന് പുതിയ ട്രിക്കുണ്ടെന്ന് പറഞ്ഞ് സച്ചിന്‍ നീല ശരി ചിഹ്നത്തിന് സമാനമായി വിരലുകൊണ്ട് ആക്ഷന്‍ കാണിച്ച് ഇതാണ് പുതിയ നീല ടിക് എന്ന് പറയുകയായിരുന്നു.
2011ല്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ബാറ്റിംഗിനിറങ്ങുന്ന വിരാട് കോലിയോട് എന്താണ് പറഞ്ഞതെന്ന ചോദ്യത്തിന് പന്ത് ഇപ്പോഴും ചെറുതായി സ്വിംഗ് ചെയ്യുന്നുണ്ട് എന്നാണെന്ന് സച്ചിന്‍ പറഞ്ഞു. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സെഞ്ചുറി ഏതാണെന്ന ചോദ്യത്തിന്‍ 1992ല്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറി എന്നായിരുന്നു സച്ചിന്‍റെ മറുപടി. ഇഷ്ടപ്പെട്ട ഫുട്ബോള്‍ താരം ആരാണെന്ന ചോദ്യത്തിന് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ലോകകപ്പില്‍ ചുംബിക്കുന്ന ചിത്രമാണ് സച്ചിന്‍ മറുപടി നല്‍കിയത്.
അര്‍ജ്ജുന്‍ എപ്പോഴെങ്കിലും താങ്കളെ ഔട്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കല്‍ ലോര്‍ഡ്സില്‍ വെച്ച് ഔട്ടാക്കിയിട്ടുണ്ടെന്നും അത് അവനെ ഓര്‍മിപ്പിക്കരുതെന്നും സച്ചിന്‍ മറുപടി നല്‍കി. ഇഷ്ടപ്പെട്ട ക്രിക്കറ്റ് ഷോട്ട് സ്ട്രൈയ്റ്റ് ഡ്രൈവാണെന്നും അപ്പോള്‍ തന്‍റെ ശരീരത്തിന്‍റെ സന്തുലനം കൃത്യമായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു. ആരാണ് വീട്ടില്‍ ഭരണം എന്ന ചോദ്യത്തിന് അത് ചോദിക്കാനുണ്ടോ എന്നായിരുന്നു സച്ചിന്‍റെ മറുപടി.
മക്ഗ്രാത്തിനെ അടിച്ചു പറത്തിയപ്പോള്‍ നോക്കി പേടിപ്പിച്ച മക്‌ഗ്രാത്തിനോട് വടാ പാവ് കഴിക്കുന്നോ എന്നാണോ ചോദിച്ചത് എന്ന ചോദ്യത്തിന് കണ്ടു പിടിച്ചു കളഞ്ഞുവെന്നായിരുന്നു സച്ചിന്‍റെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!