ടി20 ലോകകപ്പ്: ബൗച്ചറുടെ വിളിക്കായി കാത്തിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്

By Web TeamFirst Published Apr 19, 2021, 8:29 AM IST
Highlights

എല്ലാ കാര്യങ്ങളും ഒത്തുവന്നാൽ ടീമിലെത്താമെന്നാണ് കരുതുന്നത്. ഇനി ടീമിൽ എനിക്ക് ഇടമില്ലെങ്കിലും വിഷമമൊന്നുമുണ്ടാകില്ല. എന്തായാലും ഐപിഎല്ലിന്റെ അവസാനം ഇക്കാര്യത്തിൽ ബൌച്ചറുടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ

ചെന്നൈ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി കളിക്കാൻ തയാറാണെന്ന് വ്യക്തമാക്കി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ സഹതാരവുമായ മാർക്ക് ബൗച്ചറുടെ വിളിക്കായി താൻ കാത്തിരിക്കുകയാണെന്നും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വെടിക്കെട്ട് പ്രകടനത്തിനുശേഷം ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ബൗച്ചറുമായി ഇക്കാര്യം ഇതുവരെ സംസാരിച്ചിട്ടില്ല. അവിടെയും ഇവിടെയുമായി പലപ്പോഴും ചെറിയ രീതിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഐപിഎല്ലിനിടക്ക് എപ്പോഴെങ്കിലും ഇക്കാര്യം ബൗച്ചറുമായി വിശദമായി സംസാരിക്കാമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷവും അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. ദേശീയ ടീമിൽ മടങ്ങിയെത്താൻ താൽപര്യമുണ്ടോ എന്ന്. എന്നാൽ ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. ദക്ഷിണാഫ്രിക്കക്കുവേണ്ടി എറ്റവും മികച്ച 15 പേരെ തെരഞ്ഞെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്-ഡിവില്ലിയേഴ്സ് പറഞ്ഞു.

എല്ലാ കാര്യങ്ങളും ഒത്തുവന്നാൽ ടീമിലെത്താമെന്നാണ് കരുതുന്നത്. ഇനി ടീമിൽ എനിക്ക് ഇടമില്ലെങ്കിലും വിഷമമൊന്നുമുണ്ടാകില്ല. എന്തായാലും ഐപിഎല്ലിന്റെ അവസാനം ഇക്കാര്യത്തിൽ ബൌച്ചറുടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ-ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ബാംഗ്ലൂരിനായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന് തയാറാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഓറഞ്ച് ക്യാപ്പോ ടൂർണമെന്റിന്റോ താരമോ ഒക്കെ ആകണമെങ്കിൽ ഓപ്പണർ സ്ഥാനത്ത് ഇറങ്ങേണ്ടിവരും. പക്ഷെ ടീമിനായി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ ഞാൻ ഒരുക്കമാണ്. ഏത് സ്ഥാനത്ത് കളിക്കുന്നു എന്നത് എനിക്ക് പ്രശ്നമേയല്ല. കാരണം ടീമിലെ എന്റെ റോളിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്-ഡിവില്ലിയേഴ്സ് പറഞ്ഞു. കൊൽക്കത്തക്കെതിരെ 34 പന്തിൽ 76 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് ബാം​ഗ്ലൂരിന് വമ്പൻ സ്കോർ സമ്മാനിച്ചത്.

2017 ഒക്ടോബറിലാണ് ഡിവില്ലിയേഴ്സ് അവസാനമായി ദക്ഷിണാഫ്രിക്കക്കായി ടി20 മത്സരം കളിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു ദക്ഷിണാഫ്രിക്കൻ ജേഴ്സിയിലെ അവസാന മത്സരം.

click me!