
ഹൈദരാബാദ്: ഈ ഐപിഎല്‍ സീസണിന്‍റെ താരമാകുമെന്ന പ്രവചിക്കപ്പെട്ട ഉമ്രാൻ മാലിക്കിന്‍റെ അവസ്ഥയില്‍ നിരാശപ്പെട്ട് ക്രിക്കറ്റ് ആരാധകര്‍. 150 കി.മി വേഗതയില്‍ നിരന്തരം പന്തെറിയാൻ സാധിക്കുന്ന താരമായതിനാല്‍ ഇന്ത്യൻ അക്തര്‍ എന്നാണ് പലരും ഉമ്രാനെ വാഴ്ത്തിയത്. എന്നാല്‍, ഈ സീസണില്‍ ആകെ ഏഴ് മത്സരങ്ങളിലാണ് ഉമ്രാന് അവസരം ലഭിച്ചത്. 102 പന്തുകള്‍ എറിഞ്ഞ താരം ആകെ വഴങ്ങിയത് 176 റണ്‍സാണ്.
അഞ്ച് വിക്കറ്റുകള്‍ നേടി. 32 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയാണ് ഏറ്റവും മികച്ച പ്രകടനം. 35.20 ശരാശരിയും 10.35 എക്കോണമിയുമാണ് ഈ സീസണില്‍ ഉമ്രാനുള്ളത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ സണ്‍റൈസേഴ്സ് ഉമ്രാന് അവസരം നല്‍കിയിട്ടില്ല. ഏറ്റവുമൊടുവില്‍ ഏപ്രില്‍ 29ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരോവറില്‍ 22 റണ്‍സ് വഴങ്ങിയ ശേഷം ഉമ്രാനെ ടീം പരിഗണിച്ചിട്ടേയില്ല. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഉമ്രാൻ.
അതിവേഗ പന്തുകള്‍ കൊണ്ട് അമ്പരിപ്പിക്കുന്ന ഉമ്രാനെ കുറച്ച് മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇങ്ങനെ മാറ്റി നില്‍ത്തുന്നത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരാധകരുടെ സംശയങ്ങള്‍ ആക്കം കുട്ടുന്ന തരത്തിലുള്ളതായിരുന്നു വിഷയത്തില്‍ സണ്‍റൈസേഴ്സ് നായകൻ ഏയ്ഡൻ മര്‍ക്രാമിന്‍റെ പ്രതികരണവും.
തീര്‍ച്ചയായും എക്സ് ഫാക്ടര്‍ ഉള്ള താരം എന്നാണ് മര്‍ക്രാം ഉമ്രാനെ വിശേഷിപ്പിച്ചത്. എന്നാല്‍ തിരശീലയ്ക്ക് പിന്നില്‍ എന്താണ് നടക്കുന്നത് തനിക്ക് അറിയില്ലെന്നും മര്‍ക്രാം പറഞ്ഞു. ഇതോടെയാണ് ഉമ്രാനെ കുറിച്ച് ആരാധകര്‍ ആശങ്കപ്പെടുന്നത്. ഭാവിയില്‍ ഇന്ത്യൻ പേസ് അറ്റാക്കിനെ നയിക്കാൻ ശേഷിയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്ന താരത്തിന്‍റെ അവസ്ഥ ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്.