
ഫറ്റോര്‍ഡ: കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ വഴങ്ങിയ സമനിലകള്‍ക്ക് ശേഷം എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) വിജയവഴിയില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ബംഗളൂരു എഫ്‌സിയെ (Bengaluru FC) എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ തോല്‍പ്പിച്ചത്. ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ് എന്നിവരാണ് ബഗാന്റെ ഗോളുകള്‍ നേടിയത്.
ബംഗളൂരുവിനായിരുന്നു മത്സരത്തില്‍ ആധിപത്യം. പന്ത് കൂടുതല്‍ സമയം കൈവശം വച്ചതും ഷോട്ടുകളുതിര്‍ത്തതും ബംഗളൂരു തന്നെയായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി ബഗാന്‍ ആദ്യം ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു കൊളാക്കോയുടെ ഗോള്‍. പിന്നാലെ ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പാതിയില്‍ ബംഗളൂരു തിരിച്ചടിക്കാനുള്ള ശ്രമം ആരംഭിച്ചു. ബഗാനാവട്ടെ ഒരുഗോള്‍ കൂടി നേടി നില സംരക്ഷിക്കാനും ശ്രമിച്ചു. 85-ാം മിനിറ്റിലാണ് ബഗാന്‍ രണ്ടാം തവണ വലകുലുക്കിയത്. മന്‍വീറിന്റെ മനോഹരമായ ഫിനിഷ്. ഇതോടെ ബംഗളൂരുവിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഒരു മത്സരം മാത്രമാണ് ലീഗില്‍ ഇനി ബംഗളൂരുവിന് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ നാലിലെത്താന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും സാധിക്കില്ല. 19 മത്സരങ്ങളില്‍ 26 പോയിന്റാണ് അവര്‍ക്കുള്ളത്. ബഗാന്‍ 18 മത്സരങ്ങളില്‍ 34 പോയിന്റുമായി മൂന്നാമതാണ്.
നാളെ ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. അവസാന സ്ഥാനത്ത് നില്‍ക്കുന്ന രണ്ട് ടീമുകളാണ് ഈസ്റ്റ് ബംഗാളും നോര്‍ത്ത് ഈസ്റ്റും. 18 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത്. 19 മത്സരങ്ങളില്‍ 13 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പത്താമതും.