ഐഎസ്എല്ലില്‍ ദക്ഷിണേന്ത്യന്‍ പോര്; സമനിലക്കുരുക്ക് പൊളിക്കാന്‍ ബെംഗളൂരുവും ചെന്നൈയിനും

By Web TeamFirst Published Dec 4, 2020, 10:19 AM IST
Highlights

സമനില പൂട്ട് തകര്‍ക്കാനാണ് ബെംഗളൂരു എഫ്സിയും ചെന്നൈയിന്‍ എഫ്സിയും ലക്ഷ്യമിടുന്നത്. 

മഡ്‌ഗാവ്: ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണേന്ത്യന്‍ അങ്കം. മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും ചെന്നൈയിന്‍ എഫ്സിയും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. ഇരുടീമിനും സീസണിലെ മൂന്നാം മത്സരമാണിത്. 

സമനില പൂട്ട് തകര്‍ക്കാനാണ് ബെംഗളൂരു എഫ്സിയും ചെന്നൈയിന്‍ എഫ്സിയും ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യന്‍ അങ്കത്തിന് ഇറങ്ങുമ്പോള്‍ ഒരു ജയം പോലും ബെംഗളൂരുവിന്‍റെ അക്കൗണ്ടില്‍ ഇല്ല. ഗോവയ്ക്കെതിരെ രണ്ട് ഗോള്‍ ലീഡ് കൈവിട്ടും ഹൈദരാബാദിനെതിരെ ഗോളൊന്നും നേടാതെയും വഴങ്ങിയ രണ്ട് സമനിലകളിലായി രണ്ട് പോയിന്‍റ് മാത്രം. പൂര്‍ണശാരീരികക്ഷമത കൈവരിച്ചിട്ടില്ലാത്ത നിലയിലായിരുന്നു രണ്ട് കളിയിലും മിക്ക ബിഎഫ്സി താരങ്ങളും. സെറ്റ് പീസ് സ്പെഷ്യലിസ്റ്റ് ദിമാസ് ഡെൽഗാഡോ രണ്ട് കളിയിലും ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല.

ബെംഗളൂരുവിനേക്കാള്‍ അൽപ്പം ഭേദമാണ് ചെന്നൈയിന്‍ എഫ്‌സിയുടെ സ്ഥിതി. ജംഷഡ്പൂരിനെതിരെ ജയിച്ചപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളില്ലാ സമനിലയായിരുന്നു ഫലം. രണ്ട് കളിയിൽ നാല് പോയിന്‍റ് നേടി. എങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെ തുറന്ന അവസരങ്ങള്‍ തുലച്ച മുന്നേറ്റനിരയിൽ ആശങ്കയുണ്ട് പരിശീലകന്‍ സബ ലാസ്‍‍ലോയ്ക്ക്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ചെന്നൈയിനും ബെംഗളൂരുവിനും മൂന്ന് ജയം വീതം. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.

എടികെ മോഹൻ ബഗാന് മൂന്നാം ജയം

നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാന് തുട‍‍ർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഒറ്റഗോളിന് ഒഡിഷ എഫ്‌സിയെ തോൽപിച്ചു. തൊണ്ണൂറാം മിനിറ്റിൽ ക്യാപ്റ്റൻ റോയ് കൃഷ്ണയാണ് നിർണായക ഗോൾ നേടിയത്. സീസണിൽ റോയ് കൃഷ്ണയുടെ മൂന്നാം ഗോളാണിത്. ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും റോയ് കൃഷ്ണയാണ്. തുട‍ർച്ചയായ മൂന്നാം ജയത്തോടെ എടികെ ബഗാൻ ഒൻപത് പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.

സഞ്ജു ഇറങ്ങുമോ? ഇന്ത്യ-ഓസീസ് ആദ്യ ടി20 ഇന്ന്; പ്ലേയിംഗ് ഇലവന്‍ ആകാംക്ഷയില്‍

click me!