കാൻബറ: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. കാൻബറയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40നാണ് കളി തുടങ്ങുക.

ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിൽ വിജയവഴിയിൽ എത്തിയ ആത്മവിശ്വാസമുണ്ട് ടീം ഇന്ത്യക്ക്. ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന കാൻബറയിലെ വിക്കറ്റിൽ ഒരിക്കൽക്കൂടി ടോസ് നിർണായകമാവും. ഐപിഎല്ലിലെ മത്സരപരിചയം വിരാട് കോലിക്കും സംഘത്തിനും തുണയാവുമെന്നാണ് പ്രതീക്ഷ. ശിഖർ ധവാനൊപ്പം കെ എൽ രാഹുൽ ഓപ്പണറാവും. 

ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും സ്ഥിരതയോടെ കളിക്കുന്നത് ഇന്ത്യക്ക് ആശ്വാസം. മുഹമ്മദ് ഷമിക്കോ ജസ്പ്രീത് ബുമ്രയ്‌ക്കോ വിശ്രമം നൽകിയാൽ ടി.നടരാജൻ ട്വന്റി 20യിലും അരങ്ങേറ്റം കുറിക്കും. ബൗളിംഗിന് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനമെങ്കിൽ മനീഷ് പാണ്ഡേയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തും. 

ഐപിഎല്ലിൽ ഒറ്റ സിക്സ് പോലും നേടിയില്ലെങ്കിലും ഗ്ലെൻ മാക്സ്‍വെൽ തകർപ്പൻ ഫോമിൽ തിരിച്ചെത്തിയത് ഓസീസിന് കരുത്താവും. പരുക്കേറ്റ് പുറത്തായ വാർണറിന് പകരം മാത്യു വെയ്ഡ്, ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഓപ്പൺ ചെയ്യാനെത്തും. മധ്യനിരയിലും ബൗളർമാരിലും മാറ്റം ഉറപ്പ്. ശരാശരി 8.56 റൺസ് പിറക്കുന്ന കാൻബറയിൽ ഓസ്ട്രേലിയ അവസാന മത്സരത്തിൽ പാകിസ്ഥാന്റെ 151റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു. 

ഇരുടീമും 19 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 11ലും ഓസീസ് എട്ടിലും ജയിച്ചു. 

അന്തിമ ഇലവനില്‍ സഞ്ജുവോ മനീഷോ; ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം