ബുള്ളറ്റ് പായിച്ച് സ്റ്റീഫന്‍; ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ജെംഷഡ്‌പൂര്‍

By Web TeamFirst Published Dec 2, 2020, 9:23 PM IST
Highlights

ജെംഷഡ്‌പൂരിന്‍റെ ഒരു ഗോള്‍ റഫറി അനുവദിക്കാതിരുന്നത് മത്സരം നാടകീയമാക്കി. 

വാസ്‌കോ: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍(1-1) തളച്ച് ജെംഷഡ്‌പൂര്‍ എഫ്‌സി. അമ്പതാം മിനുറ്റിലെ അരിഡാനെ സാന്‍റാനെയുടെ ഗോളിന് സ്റ്റീഫന്‍ എസ്സേ 85-ാം മിനുറ്റില്‍ നല്‍കിയ മറുപടിയാണ് മത്സരം തുല്യതയാക്കിയത്. അതേസമയം ജെംഷഡ്‌പൂരിന്‍റെ ഒരു ഗോള്‍ റഫറി അനുവദിക്കാതിരുന്നതും ഹൈദരാബാദ് പരിശീലകന്‍ ചുവപ്പ് കാര്‍ഡ് കണ്ടതും മത്സരം നാടകീയമാക്കി. 

വന്‍ മാറ്റങ്ങളുമായി ടീമുകള്‍

ഹൈദരാബാദ് 4-2-3-1 ശൈലിയില്‍ അരിഡാനെയെ ഏക സ്‌ട്രൈക്കറാക്കിയപ്പോള്‍ ജെംഷഡ്‌പൂര്‍ 4-3-3 ശൈലിയാണ് സ്വീകരിച്ചത്. ഹൈദരാബാദ് നാല് മാറ്റങ്ങളുമായി ഇറങ്ങിയപ്പോള്‍ ലിസ്റ്റണ് സീസണില്‍ ആദ്യമായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരമൊരുങ്ങി. രണ്ട് മാറ്റങ്ങളായിരുന്നു ജെംഷഡ്‌പൂരിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍. 

ആദ്യപകുതിയുടെ തുടക്കത്തില്‍ ലോംഗ് പാസുകളുമായാണ് ഇരു ടീമും കളിച്ചത്. കൃത്യമായി ഗോള്‍ബാറിനെ ലക്ഷ്യമിട്ടുള്ള വമ്പന്‍ ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ കണ്ടില്ല. 12-ാം മിനുറ്റില്‍ ഹൈദരാബാദിനായി ലിസ്റ്റണ‍് എടുത്ത ലോംഗ് ഫ്രീകിക്ക് ക്രോസ് ബാറിനെ തൊട്ടുരുമി മുകളിലൂടെ കടന്നുപോയി. 24-ാം മിനുറ്റില്‍ സുവര്‍ണാവസരം ജെംഷഡ്‌പൂരിന്‍റെ ജാക്കി ചന്ദ് സിംഗ് പാഴാക്കി. 38-ാം മിനുറ്റില്‍ യാസിറിന്‍റെ ലോംഗ് റേഞ്ചര്‍ ശ്രമവും പാളി. 

മുന്നിട്ടുനിന്നത് ഹൈദരാബാദ്

മത്സരത്തിലെ ഏറ്റവും മികച്ച ശ്രമങ്ങളിലൊന്ന് 41-ാം മിനുറ്റില്‍ ഹൈദരാബാദിന്‍റെ ഹാളിചരണിന്‍റെ കാലുകളില്‍ നിന്നായിരുന്നു. വിക്‌ടോറില്‍ നിന്ന് ക്രോസ് സ്വീകരിച്ച ഹാളിചരണ്‍ വളഞ്ഞൊരു ഷോട്ടിന് ശ്രമിച്ചെങ്കിലും ഫാര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ട് മിനുറ്റ് അധികസമയവും ഇരു ടീമും മുതലാക്കിയില്ല. ഓരോ ഷോട്ടുവീതമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഇരു ടീമും പായിച്ചത്. 59 ശതമാനം പന്ത് കാല്‍ക്കല്‍ വച്ച് ഹൈദരാബാദാണ് കൂടുതല്‍ ആക്രമിച്ചത്. 

കളി മാറിയ രണ്ടാംപകുതി

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ലീഡെടുത്തു. 50-ാം മിനുറ്റില്‍ ഹാളിചരണിന്‍റെ ഒറ്റയാന്‍ ശ്രമം ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ തടുത്തെങ്കിലും റീബൗണ്ട് അരിഡാനെ വലയിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമനില ഗോളിനായി ജെംഷഡ്‌പൂര്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാനായി. ഹൈദരാബാദിന് ലീഡ് ഉയര്‍ത്താന്‍ 56-ാം മിനുറ്റില്‍ ലിസ്റ്റണ്‍ നല്‍കിയ സുന്ദരന്‍ പാസ് ആശിഷ് റായ് പാഴാക്കി. 59-ാം മിനുറ്റില്‍ ഗോള്‍മടക്കാനുള്ള അവസരം ജെംഷഡ്‌പൂരിന് ഒത്തുവന്നെങ്കിലും വാല്‍സ്‌കസിന് ടച്ച് ലഭിക്കാതെപോയി. 

റഫറിക്ക് മറുപടിയുമായി സ്റ്റീഫന്‍

ജെംഷഡ്‌പൂര്‍ 72-ാം മിനുറ്റില്‍ വല ചലിപ്പിച്ചെങ്കിലും റഫറിഗോള്‍ അനുവദിക്കാതിരുന്നത് നാടകീയമായി. ഓഫ്‌സൈഡായിരുന്നു കാരണം. ഹൈദരാബാദിന്‍റെ അരിഡാനെയുടെ കൈകളില്‍ പന്ത് തട്ടിയത് റഫറി കണ്ടുമില്ല. എന്നാല്‍ 85-ാം മിനുറ്റില്‍ നൈജീരിയന്‍ താരം എസ്സേ സ്റ്റീഫന്‍റെ ബുള്ളറ്റ് ഷോട്ട് ജെംഷഡ്‌പൂരിന് തുല്യത നല്‍കി. ഗോളി കട്ടിമണിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാല് മിനുറ്റ് ഇഞ്ചുറിടൈമില്‍ ഗോളൊന്നും പിറന്നില്ല. കളി തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ ഹൈദരാബാദ് പരിശീലകന്‍ മാനുവല്‍ റോക്കയ്‌ക്ക് നേരെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയതും നാടകീയമായി.  

click me!