ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; വിജയവഴിയില്‍ തിരിച്ചെത്താന്‍ ബെംഗളൂരു

By Web TeamFirst Published Jan 24, 2021, 11:08 AM IST
Highlights

സീസണിനിടെ കോച്ചിനെ മാറ്റിയിട്ടും സുനിൽ ഛേത്രിക്കും സംഘത്തിനും വിജയവഴിയിൽ എത്താനായിട്ടില്ല. 

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍. ജംഷെഡ്പൂർ എഫ്‌സി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയിൽ ഹൈദരാബാദ് എഫ്‌സിയെ നേരിടും. 17 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലും 13 പോയിന്റുള്ള ജംഷെഡ്പൂർ ഒൻപതും സ്ഥാനത്താണ്. ആദ്യപാദത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. 

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ബെംഗളൂരു എഫ്‌സി, ഒഡിഷയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 12 കളിയിൽ 13 പോയിന്റ് മാത്രമുള്ള ബെംഗളൂരു ലീഗിൽ എട്ടാം സ്ഥാനത്താണ്. 14 ഗോൾ നേടിയ ബെംഗളൂരു പതിനാറ് ഗോൾ വഴങ്ങി. സീസണിനിടെ കോച്ചിനെ മാറ്റിയിട്ടും സുനിൽ ഛേത്രിക്കും സംഘത്തിനും വിജയവഴിയിൽ എത്താനായിട്ടില്ല. 

12 കളിയിൽ ഒറ്റ ജയം നേടിയ ഒഡിഷ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചിരുന്നു. 

സമനിലക്കുരുക്കില്‍ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. മലയാളി താരം കെ പി രാഹുലിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്. അൻപത്തിയേഴാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുന്നത്. ഇരുപത്തിയഞ്ചാം മിനിറ്റില്‍ മെൻഡോസ ഗോവയെ മുന്നിലെത്തിച്ചു. 

ഗൊൺസാലസ് ചുവപ്പ് കാർഡ് കണ്ടതോടെ രണ്ടാംപകുതിയിൽ ഗോവ പത്തുപേരുമായാണ് കളിച്ചത്. ലീഡുയ‍‍ർത്താൻ സുവർണാവസരങ്ങൾ കിട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ അതെല്ലാം പാഴാക്കി. 13 കളിയിൽ 14 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്. 20 പോയിന്റുള്ള ഗോവ മൂന്നാം സ്ഥാനത്തും. 

ഗോവന്‍ ആക്രമണങ്ങളുടെ മുനയൊടിച്ച സന്ദീപ് സിംഗ് കളിയിലെ താരം

click me!