മഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സിഗോവയെ കേരളാ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചപ്പോള്‍ കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ സന്ദീപ് സിംഗ്. ഗോവന്‍ ആക്രമണങ്ങളുടെ മുനയൊടിച്ച് മത്സരത്തില്‍ 7.16 റേറ്റിംഗ് പോയന്‍റ് നേടിയാണ് സന്ദീപ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ സീസണിലാണ്  ഒരു വർഷത്തെ കരാറില്‍ സന്ദീപ് സിംഗ് കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്നാണ് ഫുട്ബോൾ കരിയര്‍ തുടങ്ങുന്നത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി.

അടുത്ത വർഷം പൂനെ എഫ്‌സിക്കെതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.  തുടർന്ന് 2018-19 ഐ‌എസ്‌എൽ സീസണിൽ എ ടി കെ എഫ്സിയിൽ എത്തുന്നതിനു മുൻപായി 2017-2018 സീസണിൽ ലാങ്‌സ്നിംഗ് എഫ്.സിയെ പ്രാതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ  ട്രാവു എഫ്‌സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സന്ദീപ്, അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.