ഒഡിഷയ്‌ക്കെതിരെ മിന്നും ജയം; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാമത്

By Web TeamFirst Published Feb 14, 2021, 6:56 PM IST
Highlights

മത്സരത്തിലെ നാല് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ഒന്‍പതാം മിനുറ്റില്‍ ലൂയിസ് മഷാഡോ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. 

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിര്‍ണായക മത്സരത്തില്‍ വടക്കുകിഴക്കന്‍ ശക്തികള്‍ ജയിച്ചുകയറിയത്. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോ ഇരട്ട ഗോള്‍ നേടി. 

മത്സരത്തിലെ നാല് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ഒന്‍പതാം മിനുറ്റില്‍ ലൂയിസ് മഷാഡോ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചപ്പോള്‍ 19-ാം മിനുറ്റില്‍ ദെഷോം ബ്രൗണും ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ 24-ാം മിനുറ്റില്‍ വലചലിപ്പിച്ച് മഷാഡോ ഡബിള്‍ തികച്ചു. ഇതോടെ നോര്‍ത്ത് ഈസ്റ്റ് മൂന്ന് ഗോളിന്‍റെ ലീഡ് സ്വന്തമാക്കി. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ബ്രാഡ് ഇന്മാം ഒഡീഷയ്‌ക്കായി ഗോള്‍ മടക്കിയതോടെ മത്സരം കൂടുതല്‍ ആവേശമായി. 

രണ്ടാംപകുതിയിലും ശക്തമായ ആക്രമണങ്ങളുണ്ടായെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഇതിനിടെ നോര്‍ത്ത് ഈസ്റ്റിന്‍റെ ഗുര്‍ജീന്ദര്‍ കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.  

നോര്‍ത്ത് ഈസ്റ്റ് മൂന്നാമത്

ജയത്തോടെ 17 മത്സരങ്ങളില്‍ 26 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാന സ്ഥാനക്കാരായ ഒഡിഷയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു. 17 കളിയില്‍ 9 പോയിന്‍റ് മാത്രമാണ് അവര്‍ക്കുള്ളത്. 16 വീതം മത്സരങ്ങളില്‍ യഥാക്രമം 34 ഉം 33 ഉം പോയിന്‍റുകളുമായി മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ ബഗാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 

ക്രിക്കറ്റ് ചരിത്രത്തിലാദ്യം! അഞ്ച് വിക്കറ്റോടെ നേട്ടങ്ങള്‍ വാരിക്കൂട്ടി അശ്വിന്‍

click me!