പത്തായിട്ടും പതറാത്ത പ്രകടനം; ഹീറോ ഓഫ് ദ് മാച്ചായി ദേബ്‌ജിത് മജുംദാര്‍

By Web TeamFirst Published Jan 18, 2021, 9:43 PM IST
Highlights

ആദ്യപകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ഗോള്‍ബാറിന് കീഴെ കോട്ട കെട്ടി ദേബ്‌ജിത് മജുംദാര്‍. 

മഡ്‌‌ഗാവ്: ഐഎസ്എല്ലില്‍ ഇരു ടീമിനും ആറാം സമനില. ചെന്നൈയിന്‍ എഫ്‌സി-ഈസ്റ്റ് ബംഗാള്‍ മത്സര ഫലം അതായിരുന്നു. നല്ല നീക്കങ്ങള്‍ കണ്ടെങ്കിലും ഗോള്‍ മാറിനിന്ന മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു ഗോളിക്കാണ്. ആദ്യപകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ഗോള്‍ബാറിന് കീഴെ കോട്ട കെട്ടിയ ദേബ്‌ജിത് മജുംദാര്‍. 

മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ നന്ദി പറയേണ്ടത് ദേബ്‌ജിത് മജുംദാറിനാണ്. കാരണം, മത്സരം തുടങ്ങി 31-ാം മിനുറ്റില്‍ തന്നെ അജയ് ഛേത്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതോടെ 10 പേരായി ചുരുങ്ങി ഈസ്റ്റ് ബംഗാള്‍. പിന്നാലെ ചെന്നൈയിന്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടു, എന്നാല്‍ അവസാന മിനുറ്റ് വരെ ചെന്നൈയിനെ തടുത്തിട്ട് ഹീറോയായി ദേബ്‌ജിത് മജുംദാര്‍. 

മത്സരത്തില്‍ ഒന്നാകെ ആറ് സേവുകള്‍ ദേബ്‍ജിത് നടത്തി. ആറ് തവണ പന്ത് കൈപ്പിടിയിലൊതുക്കി. 33 ടച്ചുകളും സ്വന്തം. പത്തില്‍ 8.94 മാര്‍ക്കാണ് താരത്തിന് ഐഎസ്എല്‍ നല്‍കിയത്. 

നേരത്തെ, ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിലും ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം ദേബ്‍ജിത് മജുംദാറിനായിരുന്നു. ദേബ്‌ജിത്തിന്‍റെ മികവിലാണ് ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരുവിനെ അട്ടിമറിച്ചത്. ഗോളെന്നുറച്ച അവസരങ്ങള്‍ രക്ഷപ്പെടുത്തിയതോടെയാണ് ദേബ്‍ജിത് അന്ന് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. 

 

click me!