എടികെയുടെ കോട്ട കാത്ത അരിന്ദം കളിയിലെ താരം

By Web TeamFirst Published Dec 29, 2020, 10:37 PM IST
Highlights

കഴിഞ്ഞ ഐഎസ്എല്‍ ഫൈനല്‍ കണ്ടവരാരും അരിന്ദത്തെ അത്ര പെട്ടെന്ന് മറക്കില്ല. കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിനെ കീഴടക്കി എ ടി കെ ചാമ്പ്യന്‍മാരായപ്പോള്‍ ഫൈനലിലെ ഹീറോ ആയതും അരിന്ദമായിരുന്നു.

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന്‍ ഗോളില്ലാ സമനിലയോടെ രക്ഷപ്പെട്ടതിന് ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടചാര്യയുടെ കൈക്കരുത്തിന് വലിയ പങ്കുണ്ട്. ഗോളെന്നുറച്ച നാല് അവസരങ്ങളാണ് അരിന്ദം തട്ടിയകറ്റുകയോ കൈക്കുള്ളിലൊതുക്കുകയോ ചെയ്തത്.

ഈ മികവിനാണ് കളിയിലെ ഹീറോ ഓഫ് ദ് മാച്ചായി അരിന്ദത്തെ തെരഞ്ഞെടുത്തത്. മത്സരത്തില്‍ ഏഴ് സേവുകള്‍ നടത്തിയ അരിന്ദം രണ്ട് ഷോട്ടുകള്‍ കൈപ്പിടിയിലൊതുക്കി. 8.75 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് അരിന്ദം കളിയിലെ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

A man mountain in goal for tonight ⛰️🧤 pic.twitter.com/5B0fPAFesz

— Indian Super League (@IndSuperLeague)

കഴിഞ്ഞ ഐഎസ്എല്‍ ഫൈനല്‍ കണ്ടവരാരും അരിന്ദത്തെ അത്ര പെട്ടെന്ന് മറക്കില്ല. കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിനെ കീഴടക്കി എ ടി കെ ചാമ്പ്യന്‍മാരായപ്പോള്‍ ഫൈനലിലെ ഹീറോ ആയതും അരിന്ദമായിരുന്നു. ചെന്നൈയിന്‍റെ ഗോളെന്നുറച്ച നാലു ഷോട്ടുകളാണ് അന്നും അരിന്ദം തട്ടിയകറ്റിയത്. അതേ മികവാണ് അരിന്ദം അതേ ചെന്നൈക്കെതിരെ ഇപ്പോഴും പുറത്തെടുത്തത്.

ഐഎസ്എല്ലിന്‍റെ തുടക്കം മുതല്‍ ലീഗിന്‍റെ ഭാഗമാണ് അരിന്ദം. എഫ് സി പൂനെ സിറ്റിയിലാണ് അരിന്ദം ഐഎസ്എല്‍ കരിയര്‍ തുടങ്ങിയത്. മൂന്ന് സീസണില്‍ പൂനെക്കായി കളിച്ച അരിന്ദം പിന്നീട് കുറച്ചുകാലത്തേക്ക് മുംബൈയുടെ ഗോള്‍വല കാത്തു. അതിനുശേഷമാണ് അരിന്ദം എടികെയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനൊപ്പം ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരത്തിനുള്ള പോരാട്ടത്തിലും അവസാന മത്സരം വരെ അരിന്ദമുണ്ടായിരുന്നു.

 ടാറ്റാ ഫുട്ബോള്‍ അക്കാദമിയിലും ചര്‍ച്ചില്‍ ബ്രദേഴ്സിലും കളിച്ചിട്ടുള്ള അരിന്ദം 2008-2009 സീസണില്‍ ചര്‍ച്ചിലിനൊപ്പം ഐ ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായിട്ടുണ്ട്. കുറച്ചുകാലം മോഹന്‍ ബഗാന്‍റെ ഗോള്‍വലകാത്തശേഷം ചര്‍ച്ചിലില്‍ മടങ്ങിയെത്തിയ അരിന്ദം അവിടെ നിന്നാണ് പൂനെ എഫ്സിയിലെത്തിയത്. ഇന്ത്യയുടെ അണ്ടര്‍ 19,23 ടീമുകളിലും അരിന്ദം ഇടം നേടിയിട്ടുണ്ട്.

Powered By

click me!