Latest Videos

കുതിപ്പ് തുടരാന്‍ മുംബൈ, തളയ്‌ക്കാന്‍ ചെന്നൈയിന്‍; ഐഎസ്‌എല്‍ ഇന്ന് കെങ്കേമമാകും

By Web TeamFirst Published Dec 9, 2020, 11:46 AM IST
Highlights

അവസാന മത്സരത്തില്‍ ഓഗ്‌ബച്ചേയുടേയും ബോര്‍ജസിന്‍റെയും ഗോളില്‍ ഒഡീഷ എഫ്‌സിക്കെതിരെ 2-0ന്‍റെ ജയവുമായാണ് മുംബൈയുടെ വരവ്. 

മഡ്‌ഗാവ്: ഐഎസ്‌എല്ലില്‍ ഇന്ന് മുംബൈ സിറ്റി-ചെന്നൈയിൻ എഫ്‌സി പോരാട്ടം. രാത്രി 7.30നാണ് മത്സരം. നാലില്‍ മൂന്ന് കളികളും ജയിച്ച മുംബൈയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി നിലവില്‍ എട്ടാം സ്ഥാനത്താണ്. മൂന്ന് കളികളില്‍നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈയിന് സ്വന്തമാക്കാനായത്. 

മുന്‍തൂക്കം മുംബൈക്ക്

അവസാന മത്സരത്തില്‍ ഓഗ്‌ബച്ചേയുടേയും ബോര്‍ജസിന്‍റെയും ഗോളില്‍ ഒഡീഷ എഫ്‌സിക്കെതിരെ നേടിയ 2-0ന്‍റെ ജയവുമായാണ് മുംബൈയുടെ വരവ്. എന്നാല്‍ അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയമറിഞ്ഞു ചെന്നൈയിന്‍. ബിഎഫ്‌സി നായകന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്. 

നേര്‍ക്കുനേര്‍ ചരിത്രം

ഐഎസ്എല്‍ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 12 തവണയാണ് മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ആറ് ജയവുമായി ചെന്നൈയിനാണ് മുന്‍തൂക്കം. നാല് ജയങ്ങള്‍ മുംബൈ സിറ്റി നേടി. രണ്ട് മത്സരങ്ങള്‍ സമനിലയിലായി. 

ബെംഗളൂരുവിന് വീണ്ടും സമനില

ഐഎസ്‌എല്ലിൽ ബെംഗളൂരൂ എഫ്‌സിക്ക് വീണ്ടും സമനിലക്കുരുക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് മുൻ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. ഇരുടീമും രണ്ടുഗോൾ വീതം നേടി. യുവാനും ഉദാന്തയും ബെംഗളൂരുവിനായും മച്ചാഡോ നോര്‍ത്ത് ഈസ്റ്റിനായും വല ചലിപ്പിച്ചു. അഞ്ച് കളിയിൽ ഒൻപത് പോയിന്റുമായി നോർത്ത് ഈസ്റ്റ് രണ്ടും നാല് കളിയിൽ നിന്ന് ആറ് പോയിന്റുമായി ബെംഗളൂരു നാലും സ്ഥാനങ്ങളിൽ.

നോര്‍ത്ത് ഈസ്റ്റിന്‍റെ പറങ്കിപ്പോരാളി, ലൂയിസ് മച്ചാഡോ കളിയിലെ താരം


 

click me!