ISL : തുടക്കം കസറി, രണ്ട് ഗോള്‍ ലീഡെടുത്തു; പിന്നാലെ ഗോവയുടെ തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

By Web TeamFirst Published Jan 2, 2022, 9:52 PM IST
Highlights

ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി. ജീക്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ജോര്‍ഗെ ഒര്‍ട്ടിസ്, എഡു ബെഡിയ എന്നിവരുടെ വകയായിരുന്നു മറുപടി ഗോളുകള്‍. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) സമനില. എഫ്‌സി ഗോവയ്‌ക്കെതിരായ (FC Goa) മത്സരത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് (Manjappada)  സമനില വഴങ്ങിയത്. ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി. ജീക്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ജോര്‍ഗെ ഒര്‍ട്ടിസ്, എഡു ബെഡിയ എന്നിവരുടെ വകയായിരുന്നു മറുപടി ഗോളുകള്‍. നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. 

മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ജീക്‌സണ്‍ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. ലൂണയുടെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് പ്രതിരോധതാരം വലകുലുക്കിയത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം ലൂണ ലീഡ് രണ്ടാക്കി. അല്‍വാരോ വാസ്‌ക്വെസില്‍ നി്ന്ന് പന്ത് സ്വീകരിച്ച് ലൂണ തൊടുത്ത ലോങ് റേഞ്ചര്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനേയും മറികടന്ന വലയിലേക്ക്. ഈ സീസണില്‍ ഐഎസ്എല്ലില്‍ പിറന്ന മികച്ച ഗോളുകളില്‍ ഒന്നായിരുന്നിത്.

എന്നാല്‍ നാല് മിനിറ്റുകള്‍ക്ക് ശേഷം ഗോവയുടെ ആദ്യ മറുപടിയെത്തി. സേവ്യര്‍ ഗാമയുടെ സഹായത്തില്‍ ഒര്‍ട്ടിസ് വലകുലുക്കി. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നായിരുന്നു ഒര്‍ട്ടിസിന്റെ ഗോള്‍. 37ആം മിനുട്ടില്‍ മറ്റൊരു അത്ഭുത ഗോള്‍ കൂടെ പിറന്നു. എഡു ബേഡിയ കോര്‍ണറില്‍ നിന്നാണ് ഗോള്‍ നേടിയത്. താരത്തിന്റെ കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലേക്ക് പറന്നിറങ്ങി. 

ഇതിനിടെ 32-ാ മിനിറ്റില്‍ സഹല്‍ അബ്ദു സമദ് സുവര്‍ണാവസരം പാഴാക്കി. ലൂണ നല്‍കിയ ഹെഡര്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ വെച്ചാണ് സഹല്‍ നഷ്ടപ്പെടുത്തിയത്. 87-ാം മിനുട്ടിലെ എഡു ബേഡിയയുടെ ഫ്രീകിക്ക് ബാറില്‍ തട്ടി പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് 9 മത്സരങ്ങളില്‍ 14 പോയിന്റുമായി മൂന്നാമതുണ്ട്. ഇത്രയും തന്നെ മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.

click me!